തിരുവനന്തപുരം: അന്തരിച്ച മഞ്ചേശ്വരം എം.എൽ.എ പി.ബി. അബ്ദുൾ റസാഖിന് ആദരാഞ്ജലി അർപ്പിച്ച് നിയമസഭയുടെ ആദ്യദിവസത്തെ സമ്മേളനം പിരിഞ്ഞു.
ഭാഷാ ന്യൂനപക്ഷങ്ങൾക്കായി നിലകൊണ്ട അബ്ദുൾ റസാഖ് പതിനാലാം കേരള നിയമസഭയിൽ കന്നഡ ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്‌തെന്ന് ചരമോപചാരം അർപ്പിച്ച് സംസാരിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു. ജനപ്രതിനിധി എന്നതിനപ്പുറം വിഭ്യാഭ്യാസരംഗത്തെ റസാഖിന്റെ സംഭാവനകളും വിലമതിക്കാനാവാത്തതാണ്. കാസർകോട് ജില്ലയുടെ വികസനപ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ അബ്ദുൾ റസാഖ് കാട്ടിയ താല്പര്യം ശ്ലാഘനീയമാണ്. റസാഖിന്റെ വിയോഗത്തിലൂടെ സാധാരണക്കാർക്കൊപ്പം നിന്ന മികച്ച പൊതുപ്രവർത്തകനേയും കഴിവുറ്റ സാമാജികനേയുമാണ് നഷ്ടപ്പെട്ടതെന്നും സ്പീക്കർ പറഞ്ഞു.
ഏത് ഘട്ടത്തിലും ഏത് സാധാരണക്കാരനും സമീപിക്കാവുന്ന വ്യക്തിയായിരുന്നു അബ്ദുൽ റസാഖ് എന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. ഉത്തര കേരളത്തിന്റെ വികസനവും സാധാരണക്കാരുടെ ക്ഷേമ ഐശ്വര്യങ്ങളും നെഞ്ചോട് ചേർത്ത വ്യക്തിയായിരുന്നു. ജനങ്ങൾക്കായി പ്രവർത്തിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തിയ നേതാവായിരുന്നു അബ്ദുൾ റസാഖ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർ.സി.സിയിൽ ചികിത്സതേടിയെത്തുന്ന മലബാറിൽ നിന്നുള്ളവർക്ക്, പ്രത്യേകിച്ച് കാസർകോട് നിന്നുള്ളവർക്ക്, വലിയ ആശ്രയമായിരുന്നു റസാഖ് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വർഗ്ഗീയശക്തികളെ കാസർകോടും മഞ്ചേശ്വരത്തും തടഞ്ഞുനിറുത്താൻ കോട്ട പോലെ ഉറച്ചുനിന്ന വ്യക്തിയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
വർഗ്ഗീയതയ്‌ക്കെതിരായ വിജയമായതുകൊണ്ട് അബ്ദുൽറസാഖിന്റെ വിജയം വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നുവെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. തങ്ങളുടെ പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ് റസാഖിന്റെ വിയോഗമെന്ന് ഡോ: എം.കെ. മുനീർ അഭിപ്രായപ്പെട്ടു. രാഷ്ട്രീയപ്രവർത്തകൻ എന്നതിലുപരി തന്റെ സമ്പാദ്യം പോലും പാവങ്ങൾക്ക് ദാനം ചെയ്യുന്ന വ്യക്തിയായിരുന്നു. 87 വോട്ടിന് ജയിച്ചുവെന്നറിഞ്ഞപ്പാൾ അദ്ദേഹം പൊട്ടിക്കരഞ്ഞു. അത് കേരളത്തിന്റെ മണ്ണിൽ വർഗ്ഗീയതയെ പരാജയപ്പെടുത്തിയതിന്റെ സന്തോഷത്തിലുണ്ടായ കണ്ണീരായിരുന്നെന്നും മുനീർ പറഞ്ഞു.
മതേതരത്വത്തിന്റെ മുഖമായിരുന്ന അബ്ദുൽ റസാഖ് എന്ന് കെ.എം. മാണിയും ചൂണ്ടിക്കാട്ടി. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും സംഘർഷമുണ്ടാക്കാതെ പ്രവർത്തിക്കാനായെന്ന് ഒ.രാജഗോപാൽ അഭിപ്രായപ്പെട്ടു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കക്ഷിനേതാക്കളായ സി.കെ. നാണു, അനൂപ് ജേക്കബ്, കെ.ബി. ഗണേശ് കുമാർ, എൻ. വിജയൻപിള്ള, പി.സി. ജോർജ്ജ് എന്നിവരും സംസാരിച്ചു. അബ്ദുൽറസാഖിനോടുള്ള ആദരസൂചകമായി ഒരുനിമിഷം എഴുന്നേറ്റ് നിന്ന് മൗനം പാലിച്ചശേഷം സഭ ഇന്നലത്തേക്ക് പിരിഞ്ഞു.