പാലക്കാട്: വിദ്യാർത്ഥി രാഷ്ടീയത്തിലൂടെ മുഖ്യധാരാ രാഷ്ട്രീയത്തിലെത്തിയ പി.കെ.ശശിക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഇത് ആദ്യമായല്ല. 1987 ൽ സി.പി.എം മണ്ണാർക്കാട് ഏരിയാ സെക്രട്ടറിയായ ശശിക്കെതിരെ തൊട്ടടുത്ത വർഷം തന്നെ അച്ചടക്ക നടപടിയുണ്ടായി. ഒരു വർഷത്തോളം ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിനിറുത്തി. ഈ കാലയളവിൽ പി.ഉണ്ണീനായിരുന്നു ഏരിയാസെക്രട്ടറിയുടെ ചുതല വഹിച്ചത്.
പാർട്ടിയിലെ മുതിർന്ന അംഗങ്ങളെ മറികടന്നാണ് യുവാവായ പി.കെ.ശശി 87ൽ മണ്ണാർക്കാട് ഏരിയാ സെക്രട്ടറിയാകുന്നത്. ഇത് പ്രാദേശിയ തലത്തിൽ പാർട്ടിക്കുള്ളിൽ വലിയ ചേരിതിരിവിന് ഇടയാക്കി. ഇതിന്റെ ഭാഗമായാണ് പി.കെ.ശശിക്കെതിരെ പ്രാദേശിക വിഭാഗീയത നടത്തി എന്ന ആരോപണം ഉയർന്നത്. പരാതി മേൽഘടകങ്ങളുടെ നേതൃത്വത്തിൽ അന്വേഷിക്കുകയും ഉൾപ്പാർട്ടി പോരാണ് ഇതിന് കാരണമെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ശശിയെ തിരിച്ചെടുക്കുകയായിരുന്നു. പിന്നീട് ദീർഘകാലം മണ്ണാർക്കാട് ഏരിയാ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം 1989 ജില്ലാ കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.