കണ്ണൂർ: വയൽക്കിളികളുടെ സമരത്തിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ടുവെന്നും കീഴാറ്റൂർ സമരക്കാർക്ക് തെറ്റ് തിരുത്തി തിരികെയെത്താമെന്നും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ പറഞ്ഞു. കീഴാറ്റൂർ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയതിന് ബി.ജെ.പി നാട്ടുകാരോട് മാപ്പ് പറയണം. കീഴാറ്റൂർ ബൈപ്പാസ് നിർമാണത്തിനെതിരെ പാളത്തൊപ്പി വച്ച് സമരം നടത്തിയതൊക്കെ നാടകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
നേരത്തെ കീഴാറ്റൂർ ബൈപ്പാസിനെതിരായ സമരം വിജയിച്ചുവെന്നും സ്ഥലമെടുപ്പ് നിർത്തിവയ്‌ക്കാൻ കേന്ദ്രം ഇടപെട്ടുവെന്നും ബി.ജെ.പി പ്രചരിപ്പിച്ചു. ആ കേന്ദ്രം തന്നെയാണ് ബൈപാസ് വരുമെന്ന് അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നു. ഇതിൽ നിന്നും ബി.ജെ.പിയുടെ കപടമുഖം വ്യക്തമാവുകയാണെന്നും ജയരാജൻ പറഞ്ഞു. അതേസമയം, പാർട്ടിയുമായി തങ്ങൾക്ക് പ്രശ്‌നമൊന്നുമില്ലെന്നും തിരികെ എത്തുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തുന്നതിൽ എതിർപ്പില്ലെന്നും വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂർ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
കീഴാറ്റൂരിൽ സി.പി.എമ്മിനെ ഒതുക്കാമെന്ന ധാരണയിൽ വിരുദ്ധശക്തികൾ ഒത്തുചേരുകയായിരുന്നു. കീഴാറ്റൂരിൽ ബി.ജെ.പിയുടെ ദേശീയനിർവാഹക സമിതിയംഗം നടത്തിയ കർഷകരക്ഷാ മാർച്ചെന്ന നാടകം എല്ലാവരും കണ്ടതാണെന്നും ജയരാജൻ പറഞ്ഞു.ശബരിമല വിഷയത്തിലും ബി.ജെ.പി ഇരട്ടത്താപ്പാണ് കാണിച്ചതെന്നും പി.ജയരാജൻ ആരോപിച്ചു. വിധി വരും മുമ്പ് തന്നെ ആർ.എസ്.എസ് സ്ത്രീ പ്രവേശനം അംഗീകരിച്ചിരുന്നു. പുരുഷൻമാർക്ക് കടന്നു ചെല്ലാവുന്നിടത്തെല്ലാം സ്ത്രീകൾക്കും സാധിക്കുമെന്ന് അവരുടെ സമ്മേളനത്തിൽ 1400 പേർ അംഗീകരിച്ചതായിരുന്നു. അതാണ് വിധി വന്നപ്പോൾ സൗകര്യം പോലെ മാറ്റിയതെന്നും ജയരാജൻ കുറ്റപ്പെടുത്തി.