sabarimala-udf
sabarimala udf

തിരുവനന്തപുരം: ശബരിമല വിവാദത്തിൽ ബി.ജെ.പിയെ വളർത്താനാണ് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുന്നതെന്നും ഈ നീക്കം സഭയിൽ തുറന്നുകാട്ടണമെന്നും കോൺഗ്രസ് നിയമസഭാ കക്ഷിയിൽ പൊതുവികാരം. സഭയിൽ ആദ്യ ദിവസങ്ങളിൽ തന്നെ ശബരിമല വിഷയം ശക്തമായി ഉയർത്താൻ യോഗം തീരുമാനിച്ചു. ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കുന്നതിൽ വി.ഡി. സതീശനും വി.ടി. ബൽറാമും അടക്കമുള്ളവർക്ക് വിയോജിപ്പുണ്ടെങ്കിലും ബി.ജെ.പിയെ വളർത്താനുള്ള നീക്കം തുറന്നുകാട്ടണമെന്ന നിലപാടിനോട് ഇവരും യോജിച്ചെന്നാണറിവ്. ശബരിമലയിൽ ഇപ്പോൾ നിരോധനാജ്ഞ തുടരേണ്ട സാഹചര്യമില്ലാതിരുന്നിട്ടും അത് നീട്ടുന്നത് ബി.ജെ.പിയെ വളർത്താനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമാണെന്നാണ് യോഗത്തിലുയർന്ന പൊതുവികാരം.

നാളെശബരിമല വിഷയമാകും പ്രതിപക്ഷം ശബരിമലയിൽ അടിയന്തരപ്രമേയമായി ഉന്നയിക്കുക. ശബരിമലയ്ക്ക് പുറമേ, പ്രളയദുരന്തം കൈകാര്യം ചെയ്യുന്നതിലെ പരാജയം, മന്ത്രി ജലീലിനെതിരായ ബന്ധു നിയമനവിവാദം, ഇടത് സ്വതന്ത്ര എം.എൽ.എമാരായ പി.ടി.എ. റഹീമിനും കാരാട്ട് റസാഖിനുമെതിരെ ഉയരുന്ന ആരോപണങ്ങൾ എന്നിവയും വരും ദിവസങ്ങളിൽ ശക്തിയായി ഉന്നയിക്കാനാണ് തീരുമാനം.

ശബരിമല: വിൻസന്റിന്റെ സ്വകാര്യബിൽ നിരസിച്ചു

അതിനിടെ, ശബരിമല യുവതീപ്രവേശനത്തിനായുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അവിടത്തെ ആചാരാനുഷ്ഠാനങ്ങളും സമ്പ്രദായങ്ങളും സംരക്ഷിക്കണമെന്നും ശബരിമല അയ്യപ്പഭക്തരെ മതവിഭാഗമായി അംഗീകരിക്കണമെന്നും നിർദ്ദേശിച്ച് കോൺഗ്രസ് അംഗം എം. വിൻസന്റ് നോട്ടീസ് നൽകിയ സ്വകാര്യബില്ലിന് സഭയിൽ അവതരണാനുമതി ലഭിച്ചില്ല. 1965ലെ ഹിന്ദു ആരാധനാലയങ്ങൾ (പ്രവേശനം അനുവദിക്കൽ) ആക്ടിൽ ഭേദഗതി വരുത്തിയുള്ളതാണ് ബിൽ. ബില്ലിലെ വ്യവസ്ഥകൾ യുവതീപ്രവേശനമനുവദിച്ചുള്ള സുപ്രീംകോടതിയുടെ സെപ്റ്റംബർ 28ലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാവിരുദ്ധമാണെന്നും അതിനാൽ നിയമപരമല്ലെന്നുമുള്ള നിയമവകുപ്പിന്റെ അഭിപ്രായം പരിഗണിച്ചാണ് സ്പീക്കർ അനുമതി നിഷേധിച്ചത്.

ശബരിമല വിഷയത്തിൽ യു.ഡി.എഫ് വിശ്വാസികൾക്കൊപ്പമാണെന്ന് പ്രഖ്യാപിക്കാൻ കൂടി ലക്ഷ്യമിട്ടാണ് വിൻസന്റ് ഈ സ്വകാര്യബില്ലിന് അനുമതി തേടിയത്.