ന്യൂഡൽഹി: പൊതുവേദികളിൽ പ്രസംഗിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം നിയന്ത്രിക്കണമെന്ന ഉപദേശവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. ഡൽഹിയിൽ കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ 'ഫേബിൾസ് ഒഫ് ഫ്രാക്ചേഡ് ടൈംസ്' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നടക്കുന്ന എല്ലാ സംവാദങ്ങളും നിലവാരമില്ലാത്തതാണ്. പ്രധാനമന്ത്രി എന്ന നിലയിൽ മോദി തന്റെ പ്രസംഗങ്ങളിൽ വേണ്ടത്ര നിയന്ത്രണം പാലിക്കണം മൻമോഹൻ സിംഗ് പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും അല്ലാത്ത സംസ്ഥാനങ്ങളിലും പ്രസംഗിക്കുമ്പോൾ ഉപയോഗിക്കുന്ന ഭാഷയിൽ നിയന്ത്രണം പാലിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടന്ന് മൻമോഹൻ സിംഗ് വ്യക്തമാക്കി. കോൺഗ്രസ് ഒരിക്കലും ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് വേർതിരിവ് കാട്ടിയിട്ടില്ല. മോദി ഇന്ത്യക്കാരുടെ മുഴുവൻ പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വ ബോധവും ഔചിത്യവും അദ്ദേഹം പ്രകടമാക്കണമെന്നും മൻമോഹൻ സിംഗ് പറഞ്ഞു.