ശബരിമല: യുവതീ പ്രവേശനത്തിന്റെ പേരിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സമരരംഗത്ത് ശക്തമായി നിലയുറപ്പിച്ച സാമുദായിക സംഘടനകളെ അനുനയിപ്പിച്ച് കൂടെ നിറുത്താൻ സർക്കാർ ശ്രമം തുടങ്ങിയതായി സൂചന. ദൂതന്മാരെ ഉപയോഗിച്ച് സാമുദായിക സംഘടനാ നേതാക്കളുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ചയും നടത്തിയേക്കും. പന്തളം രാജകുടുംബത്തെയും തന്ത്രികുടുംബത്തെയും അനുനയിപ്പിക്കാനുള്ള ശ്രമവും ഒപ്പം നടക്കും.
ശബരിമല പ്രതിഷേധം അയവില്ലാതെ തുടരുകയും ഭൂരിപക്ഷ സമുദായങ്ങൾ സർക്കാരിൽ നിന്ന് അകലുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് അറിയുന്നത്. ഭൂരിപക്ഷം ഹിന്ദു സാമുദായിക സംഘടനകളും യുവതീ പ്രവേശനത്തിന് എതിരെ പരസ്യ നിലപാട് സ്വീകരിച്ചത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരുന്നു. ഇടനിലക്കാർ മുഖേന അവരെ അനുനയിപ്പിച്ച് കൂടെ നിറുത്താനാണ് ശ്രമം നടത്തുന്നതത്രേ. അതിലൂടെ ശക്തമായ സമരത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ചില നീക്കങ്ങൾ നടത്തിയതായും ഇത് ഫലം കണ്ടേയ്ക്കുമെന്നും പറയപ്പെടുന്നു.
പന്തളം രാജകുടുംബത്തെയും തന്ത്രികുടുംബത്തെയും അനുനയിപ്പിച്ച് ഒപ്പം നിറുത്തിയാൽ പ്രതിഷേധങ്ങളുടെ മുനയൊടിക്കാമെന്നും കണക്കുകൂട്ടലുണ്ട്. യുവതീ പ്രവേശനത്തിൽ ഭരണകൂടത്തിന്റെ എല്ലാ സാദ്ധ്യതകളും തുടർച്ചയായി പരാജയപ്പെടുകയും ഹൈന്ദവ സമൂഹം തങ്ങളിൽ നിന്ന് അകന്നുപോകുന്നുവെന്ന തിരിച്ചറിവും സംഘപരിവാറിന് ഒരു കാലത്തുമില്ലാത്ത സ്വീകാര്യത ഹൈന്ദവ സമൂഹത്തിൽ ലഭിക്കുകയും ചെയ്തതോടെയാണ് പുതിയ നീക്കവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നതെന്നാണ് സൂചന.