നദികളുടെ ജീവചൈതന്യം വർദ്ധിപ്പിക്കാനായി സദ്ഗുരു ആവിഷ്കരിച്ച പദ്ധതിയുടെ രൂപരേഖയിൽ നിന്നുള്ള പ്രസക്തഭാഗങ്ങളാണ് ഇവിടെ പറയുന്നത്. നദികളോടുള്ള സ്വാഭാവികമായ ആരാധന, ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമാണ്. ആ സ്വഭാവം , പ്രകൃതിവിഭവങ്ങളെ കണ്ടറിഞ്ഞ് അനുഭവിക്കാനും മൗലികതയ്ക്ക് കോട്ടംതട്ടാതെ അവയെ സൂക്ഷിക്കാനും നമ്മുടെ പൂർവികരെ പ്രാപ്തരാക്കി. മനുഷ്യർ നദികളുടെ കാര്യത്തിൽ പ്രത്യേകം മനസിരുത്തിയിരുന്നു. നദീജലം അമിതമായി ഉപയോഗിച്ചിരുന്നില്ല. പരസ്പരം സഹായിച്ചും സഹകരിച്ചുമുള്ള നിലനില്പായിരുന്നു കാലങ്ങളായി മനുഷ്യനും നദികളും തമ്മിൽ നിലനിന്നിരുന്ന ബന്ധം.
ഇന്നത്തെ നദികളുടെ ശോചനീയ ഗതിക്ക് കാരണമായി ജനസംഖ്യാ വർദ്ധനയെയും സമൂഹത്തിന്റെ മാറ്റങ്ങളെയും മാത്രം കുറ്റപ്പെടുത്തരുത്. ചരിത്രാതീതകാലം മുതൽക്കേ ഇവിടെ ജലസേചന പദ്ധതികളുണ്ടായിരുന്നു. കുളങ്ങളും, കിണറുകളും, തോടുകളും, അണക്കെട്ടുകളും നിർമ്മിച്ചിരുന്നതിന്റെ സൂചന പുരാണങ്ങളിൽ കാണാം. അവർ അവ സമർത്ഥമായി പ്രയോജനപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്തിരുന്നു.
നദീജലം തോടുകൾ വഴി കൃഷിയിടങ്ങളിലെത്തിച്ച് ധാന്യങ്ങൾ വിളയിച്ചിരുന്നതായി സിന്ധുനദീതട സംസ്കാരത്തിന്റെ ശേഷിപ്പുകളിൽ നിന്നും മനസിലാക്കാം. അതാകട്ടെ 5000 പരം കൊല്ലങ്ങൾ പഴക്കമുള്ളതുമാണ്. ജനങ്ങളുടെ ആവശ്യത്തിനുള്ള വെള്ളം ലഭിച്ചിരുന്നത് മിക്കവാറും ഉപരിതല ജലസ്രോതസുകളിൽ നിന്നായിരുന്നു. ചെറിയൊരു ശതമാനം ആഴം കുറഞ്ഞ കിണറുകളിൽനിന്നും എടുത്തിരുന്നു. നദികളിൽ ചെറിയ അണകൾകെട്ടി വെള്ളം തടഞ്ഞുനിറുത്തി ജലസേചനത്തിന് ഉപയോഗിച്ചിരുന്നു.
മഹാരാഷ്ട്രയിൽ 3700 വർഷം പഴക്കമുള്ള ജലസേചന സംവിധാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മൗര്യരാജാക്കന്മാരുടെ ഭരണകാലത്ത്, കൃഷിക്കാർ നദികളിൽനിന്നും വയലുകളിലേക്ക് വെള്ളമെത്തിക്കാൻ വിശേഷാൽ നികുതികളടച്ചിരുന്നത്രെ.
സംഘകാല കവിതകളിൽ താമ്രപർണ്ണിയാറിനെ വർണിക്കുന്നുണ്ട്. അതിന്റെ തീരങ്ങളിൽ നെല്ല് സമൃദ്ധമായി കൃഷിചെയ്തിരുന്നു. ചോളപാണ്ഡ്യ രാജാക്കൻമാരുടെ കാലത്ത് തമിഴ്നാട്ടിൽ ജലസേചന സൗകര്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. അവർ അതിനായി പല പുതിയ സംവിധാനങ്ങളും ഏർപ്പെടുത്തി. കാവേരിയിൽ 1800 കൊല്ലം മുമ്പേ വളരെ വലിയൊരു അണക്കെട്ട് നിർമ്മിക്കപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാന മാതൃക ഇപ്പോഴും ഉപയോഗത്തിലുണ്ട്.
ആരംഭദശയിൽ ജലസേചനമെന്നാൽ തോടുകൾ വഴി നദീജലം കൃഷിയിടങ്ങളിലെത്തിക്കുക എന്നതായിരുന്നു. അതിനുശേഷം ജലസംഭരണികൾ നിർമ്മിക്കാൻ തുടങ്ങി. തമിഴ്നാട്ടിൽ അതിന് ഏരികൾ എന്നാണ് പേര്. കർണാടകയിൽ അവ കല്യാനികളാണ്. രാജസ്ഥാനിൽ ബേഡികൾ എന്നും അറിയപ്പെടുന്നു. ചവിട്ടുപടികളിലൂടെ ഇറങ്ങിച്ചെല്ലാവുന്ന കിണറുകളും അവിടെ ധാരാളമായിരുന്നു. ഈ സംഭരണികളെല്ലാം നിർമ്മിക്കപ്പെട്ടത് മഴക്കാലങ്ങളിൽ നദിയിലേക്ക് വലിയ അളവിൽ ഒഴുകിയെത്തുന്ന വെള്ളം ശേഖരിച്ചുവയ്ക്കാൻ വേണ്ടിയായിരുന്നു. ശേഷിച്ച വെള്ളം നദിയിലേക്ക് ഒഴുകിപ്പോകാത്തവിധം അടച്ചുറപ്പുള്ളതായിരുന്നു. അവയുടെ നിർമ്മാണം അത്ര സാങ്കേതിക മേന്മയുള്ളതായിരുന്നു.
ഹാരപ്പൻ കാലത്തിനുശേഷം ഒരു സമൂഹമെന്ന നിലയിൽ നാം വലിയ ക്ലേശം കൂടാതെയാണ് ഇതുവരെ നിലനിന്നത്. എന്നാലിന്ന് സ്ഥിതി മാറി. നമ്മുടെ പ്രകൃതി വിഭവങ്ങളെല്ലാം അതിവേഗം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ജലസേചനത്തിനായും, ജലം വഴിയുള്ള വ്യാപാരങ്ങൾക്കായും, ദൈനംദിന ആവശ്യങ്ങൾക്കായും നമ്മൾ ഒരുവിധം നന്നായി ജലമുപയോഗിച്ച് വന്നിരുന്നു. എന്നിട്ടും പൊടുന്നനെ ഇങ്ങനെയൊരു പ്രതിസന്ധി എങ്ങനെ സംഭവിച്ചു? കുളങ്ങളും തടാകങ്ങളും പുഴകളും വറ്റിവരണ്ടു പോവുകയാണല്ലോ. ഭൂഗർഭജലത്തിന്റെ ക്രമാതീതമായ ചൂഷണമാണ് ഒരു കാരണം. അതിനെക്കുറിച്ച് മനസിലാക്കുന്നതിനു മുമ്പ്, മനുഷ്യന്റെ ജീവിതത്തിൽ നദികൾക്കുള്ള സ്ഥാനമെന്താണെന്ന് വിസ്തരിച്ചു കാണേണ്ടതുണ്ട്.
( ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള 50 വ്യക്തികളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട സദ്ഗുരു, യോഗിയും ആത്മജ്ഞാനിയും ദീർഘദർശിയും ബെസ്റ്റ് സെല്ലിംഗ് ഓതറുമാണ്. അദ്ദേഹത്തിന്റെ വിശിഷ്ട സേവനത്തിന് ഭാരത സർക്കാർ 2017ൽ രാജ്യത്തെ ഏറ്റവും വലിയ സൈനികേതര ബഹുമതിയായ പദ്മവിഭൂഷൺ നൽകി ആദരിച്ചു )