''എന്താ മനൂ?' വളരെ സ്‌നേഹം ഭാവിച്ച് രാജസേനൻ തിരക്കി.
''ഞാൻ പറഞ്ഞ കാര്യം.... ഇവിടെ അധികം തങ്ങിയാൽ പൊലീസ് പിടിച്ചെന്നിരിക്കും. അതിനു മുൻപ് എനിക്കു പോകണം. ഞാൻ പറഞ്ഞ പണത്തിനൊപ്പം ഒരു വണ്ടിയും ഡ്രൈവറും വേണം. പിന്നെ ഞാൻ വന്ന ജീപ്പ് ഒളിപ്പിച്ചിടണം.'
രാജസേനന്റെ മുഖം കറുത്തു. പല്ലുകൾ ഞെരിഞ്ഞു. പക്ഷേ വാക്കുകളിൽ തേൻ ഊറി.
''ഒക്കെ ഞാൻ ഏറ്റു മനൂ. നിന്റെ പ്രശ്നം എന്നു പറഞ്ഞാൽ അത് എന്റെയും കൂടിയല്ലേ? സഹായിച്ചുള്ള ആരെയും ഞാൻ കൈ വെടിയില്ല. നിനക്കറിയില്ലേ?'
''അതറിയാം.'
''എങ്കിൽ നാളെ രാത്രി അവസാനിക്കും മുൻപ് എല്ലാത്തിനും പരിഹാരം ഉണ്ടാക്കിയിരിക്കും.'
രാജസേനൻ പകയോടെ കാൾ കട്ടുചെയ്തു. പിന്നെ മൂസയെ നോക്കി.
''അവന് ഞാൻ ഇരുപത്തഞ്ച് ലക്ഷം രൂപയും കാറും ഡ്രൈവറെയും കൊടുക്കണമെന്ന്! കൊടുക്കാം. അല്ലേ മൂസേ?'
''പിന്നെ വേണ്ടേ?' മൂസ കൈകൾ കൂട്ടിത്തിരുമ്മി. ''അല്ല സാറേ... ഞാൻ നേരത്തെ ചോദിച്ചതിന് മറുപടി പറഞ്ഞില്ല...'
രാജസേനൻ അയാളെ ഒന്നു തുറിച്ചുനോക്കി:
''നീ അത് മറന്നില്ലേ?'
''ഇല്ലല്ലോ.....'
രാജസേനൻ ചുറ്റും ശ്രദ്ധിച്ചു. പിന്നെ ശബ്ദം താഴ്ത്തി.
''കഴിഞ്ഞ ഇലക്ഷന് മുമ്പുള്ള കേസാ... അന്ന് ഞാൻ തിരുവനന്തപുരത്തുണ്ട്. പത്താം ക്ലാസുകാരിയായ ഒരു പെണ്ണ് പ്ലസ്ടുക്കാരനായ കാമുകന്റെയൊപ്പം ഒളിച്ചോടി തലസ്ഥാനത്തെത്തി.
മനുശങ്കർക്ക് എന്തോ സംശയം തോന്നി ഇരുവരെയും തടഞ്ഞു. പക്ഷേ ചെറുക്കൻ ഓടിക്കളഞ്ഞു. പെണ്ണ് മനുവിന്റെ കസ്റ്റഡിയിൽ' രാജസേനൻ ഒന്നു നിർത്തി ഒരു സിഗററ്റിനു തീ കൊളുത്തി.
സ്പാനർ മൂസ കാതോർത്തു.
''രാത്രിയിൽ ഞാനും മനുവും കൂടി മദ്യപിച്ചുകൊണ്ടിരിക്കുമ്പോൾ മനു അക്കാര്യം എടുത്തിട്ടു. കേട്ടപ്പോൾ അവളെ ഒന്നു കാണണമെന്ന് എനിക്കും തോന്നി. കണ്ടു... പക്ഷേ കൊച്ചുപെണ്ണല്ലേ. എനിക്കൊരു കൈ അബദ്ധം പറ്റി. അവളങ്ങ് ചത്തു. മനു ആ മൃതദേഹം കൊണ്ടുപോയി ബ്രിഡ്ജിൽ നിന്ന് ട്രെയിൻപാളത്തിലേക്കു തള്ളി.''
രാജസേനൻ തുടരെ രണ്ടു കവിൾ പുക വലിച്ചൂതി. ഷർട്ടിന്റെ കോളർ ഒന്നിളക്കിയിട്ടു.
''സംഭവം സൂയിസൈഡാണെന്ന് പൊലീസ് എഴുതി. പക്ഷേ ആ പെണ്ണിന്റെ ആങ്ങള എങ്ങനെയോ വിവരമറിഞ്ഞു, അവൾ മനുശങ്കറുടെ കസ്റ്റഡിയിലായിരുന്നെന്ന്. എന്റെ പേര് പുറത്തുവന്നില്ലെങ്കിലും അന്ന് അത് കോലാഹലമായിരുന്നു. മനുവിന് ഞാൻ കുറച്ച് പണവും നൽകി.'
സ്പാനർ മൂസ ഒന്നു ഇളകിയിരുന്നു.
''എന്നിട്ട്?'
''പിന്നീട് കാണുമ്പോഴൊക്കെ മനുവും ആ ചെറുപ്പക്കാരനും തമ്മിൽ വഴക്കിടാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബാറിനു മുന്നിൽ വച്ച് വഴക്കുണ്ടായതും മനു ലോറിക്കു മുന്നിലേക്ക് തള്ളിയിട്ടതും ആ ചെറുപ്പക്കാരനെ ആയിരുന്നു.'
രാജസേനൻ പറഞ്ഞുനിർത്തി.
അവർക്കിടയിൽ അല്പനേരത്തേക്കു നിശ്ശബ്ദതയുടെ മതിൽക്കെട്ട് ഉയർന്നു.
അത് പൊളിച്ചത് രാജസേനൻ തന്നെയാണ്.
''അതിനുശേഷം മനു ആ കാര്യം പറഞ്ഞ് എന്നിൽ നിന്ന് ഒരുപാട് പണം കൈക്കലാക്കിയിരുന്നു. ഇതിങ്ങനെ ജീവിതകാലം മുഴുവൻ ആവർത്തിക്കാൻ പറ്റുമോ? അതുകൊണ്ട് അവനിനി എന്നോട് പണം ചോദിക്കുകയോ എന്റെ കാര്യം ആരോടും പറയുകയോ ചെയ്യരുത്.'
സ്പാനർ മൂസ മീശത്തുമ്പുകൾ ഒന്നു തടവിയുയർത്തി.
''ഇതൊക്കെ നിസ്സാര കാര്യം. ഞാൻ ഏറ്റു.''
''വാസുദേവന്റെ അടുത്ത് പോയതുപോലെ ആകരുത്. മനു ഒരു പൊലീസ് ഉദ്യോഗസ്ഥനാ.' രാജസേനൻ പെട്ടെന്നു പറഞ്ഞു.
മൂസ ഒന്നു വിളറി.
പരാജയം എന്ന വ്രണത്തിൽ കുത്തിയതാണ് രാജസേനൻ സാറ്. തന്റെ ജീവിതത്തിൽ ഇനി അങ്ങനെയൊന്ന് ഉണ്ടാകരുത്...
അന്ന് സന്ധ്യ.
പത്തനംതിട്ടയിൽ റിംഗ് റോഡിനടുത്തുള്ള ഒരു ലോഡ്ജിലായിരുന്നു മനുശങ്കർ.
സ്പാനർ മൂസ അവിടേക്കു ചെന്നു. മനുശങ്കർ അയാളെ സ്വീകരിച്ചു.
'' ഒരു പെട്ടി നിറയെ പണം വണ്ടിയിൽ ഇരിപ്പുണ്ട്. ഞാനും എന്റെ ആളുകളും സാറിനെ കുമളി ചെക്ക് പോസ്റ്റ് കടത്തിവിടും. വണ്ടിയും തന്നിട്ട് ഞങ്ങൾ തിരിച്ചുപോകും.'
മനുശങ്കറുടെ കണ്ണുകളിൽ ആർത്തി ഓളം വെട്ടി. പെട്ടെന്നു തന്നെ അയാൾ മൂസയ്‌ക്കൊപ്പം ഇറങ്ങി... (തുടരും)