aravana

പന്തളം : പന്തളം കൊട്ടാരം അയ്യപ്പ നിർവ്വാഹക സംഘം അരവണയും അപ്പവും നിർമ്മിച്ച് വിൽപ്പന നടത്തുന്നതായും, ഇത് വിറ്റ് കിട്ടുന്ന കാശ് സുപ്രീം കോടതിയിൽ ആചാര സംരക്ഷണത്തിന് നൽകിയ കേസിലേക്കായുള്ള ചെലവിന് ഉപയോഗിക്കുമെന്നുമുള്ള തരത്തിൽ സന്ദേശങ്ങൾ വാട്സാപ്പിൽ പ്രചരിക്കുകയാണ്. സന്ദേശത്തിന്റെ ഉറവിടമോ, സത്യാവസ്ഥയോ തേടാതെ ഇത് മറ്റ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുന്നവർ നിരവധിയാണ്. എന്നാൽ ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അവാസ്തവമാണെന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം അറിയിച്ചു. പന്തളം കൊട്ടാരം നിർവ്വാഹക സംഘം അരവണയോ,അപ്പമോ നിർമ്മിക്കുകയോ വിപണനം ചെയ്യുകയോ ചെയ്യുന്നില്ലെന്നും തങ്ങളുടെ പേരിൽ ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

aravana

വാട്സാപ്പിൽ പ്രചരിക്കുന്ന വ്യാജ സന്ദേശം ഇതാണ്

ശബരിമല ദർശനം കഴിഞ്ഞ് പന്തളത്ത് എത്തുന്ന അയ്യപ്പഭക്തർ പന്തളം കൊട്ടാരത്തിന്റെ തേവാരപ്പുരയിലും അതിനോട് ചേർന്നുള്ള കൗണ്ടറിലും ലഭ്യമാകുന്ന അരവണ അപ്പം എന്നിവ വാങ്ങുക. മികച്ച നിലവാരത്തിലും ഗുണമേന്മയിലും സീൽഡ് ടിന്നിൽ ലഭ്യമാണ്. അരവണക്ക് 60/ രൂപയാണ് വില. ആവശ്യത്തിന് സ്റ്റോക്ക് ഉണ്ട്.
ഇത് കൊട്ടാരം നിർവാഹക സംഘവും പന്തളം രാജകുടുംബവും നിർമ്മിക്കുന്നതാണ് ഇതിന് ദേവസ്വം ബോർഡുമായി ഒരു ബന്ധവും ഇല്ല... ഈ പണം ഭഗവാന്റെ ആചാര സംരക്ഷണ കേസിലേക്ക് ഉപയോഗിക്കുന്നതാണ്.