ടൊറാന്റോ: ഇന്ത്യൻ വിദ്യാർത്ഥിയെ കാനഡയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബ് സ്വദേശിയായ വിശാൽ ശർമ്മയെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പഞ്ചാബിലെ നിബ്ബ സ്വദേശിയായ വിശാൽ ഹോട്ടൽ മാനേജ്മെന്റ് പഠിക്കാനായാണ് ഇവിടെ എത്തിയത്. വീടിന് സമീപത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് വിശാലിനെ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കനേഡിയൻ പൊലീസ് അറിയിച്ചു.
അതേ സമയം വിശാലിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ആത്മഹത്യ ചെയ്യാൻ മാത്രം ദു:ഖം വിശാലിനുള്ളതായി അറിയില്ള, ആത്മഹത്യ ചെയ്യാൻ വീടിന് പുറത്ത് പോയത് എന്തിനാണെന്നും വിശാലിന്റെ അമ്മാവൻ സംശയം പ്രകടിപ്പിച്ചു. രണ്ട് മാസങ്ങൾക്ക് മുൻപ് ഒരു വിവാഹത്തിൽ പങ്കെടുക്കാനായി വിശാൽ നാട്ടിലെത്തിയിരുന്നു. വളരെ സന്തോഷവാനായിരുന്നെന്നും പ്രകടമായ ഒരു ദുഖവും ഉണ്ടായിരുന്നില്ലന്നും അദ്ദേഹം വ്യക്തമാക്കി.
കേസ് അന്വേഷിച്ച് വരികയാണെന്നും മൂന്ന് ദിവസത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്നും പൊലീസ് പറഞ്ഞു. സർക്കാർ ഓഫീസിലെ ക്ലർക്കാണ് വിശാലിന്റെ അച്ഛൻ. എട്ട് ലക്ഷം രൂപ വായ്പയെടുത്താണ് മകനെ ഹോട്ടൽ മാനേജ്മെന്റ് പഠിക്കാനായി കാനഡയിലേക്ക് അയച്ചത്. നബ്ബയിൽ നിന്നുള്ള മറ്റ് വിദ്യാർത്ഥികൾക്കൊപ്പമാണ് വിശാൽ ടൊറാന്റോയിൽ താമസിച്ചിരുന്നത്.