rehna-fathima

കൊച്ചി: മതസ്‌പർദ്ദ വളർത്തുന്ന കേസിൽ ആക്‌ടിവിസ്‌റ്റും നടിയുമായ രഹ്‌ന ഫാത്തിമ അറസ്‌റ്റിൽ. പത്തനംതിട്ട പൊലീസാണ് കൊച്ചിയിൽ നിന്നും രഹ്‌ന ഫാത്തിമയെ അറസ്‌റ്റ് ചെയ്‌തത്. ശബരിമല അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്നതരത്തിൽ ഫേ്ബുക്കിൽ പോസ്‌റ്റിട്ടെന്ന ബി.ജെ.പി നേതാവ് രാധാകൃഷ്‌ണ മേനോന്റെ പരാതിയിലാണ് അറസ്‌റ്റ്.

295 (A) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം കിട്ടാത്ത വകുപ്പാണിതെന്നാണ് അറിയുന്നത്. കേസുമായി ബന്ധപ്പെട്ട് രഹ്‌ന ഫാത്തിമ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നിനിടെയാണ് അറസ്‌റ്റ്.

രഹ്‌നയെ പത്തനംതിട്ടയിലേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തുലാമാസ പൂജയ്‌ക്കായി ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകയ്‌ക്കൊപ്പം ദർശനം നടത്താൻ രഹ്ന ഫാത്തിമ ശ്രമിച്ചിരുന്നു. ഇവർക്ക് പൊലീസ് സംരക്ഷണമൊരുക്കിയതിനെതിരെ രൂക്ഷ പ്രതിഷേധം ഉയർന്നിരുന്നു. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് നടപ്പന്തലിൽ നിന്ന് മടങ്ങുകയായിരുന്നു.