sabarimala-women-entry

തിരുവനന്തപുരം: കേരള നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ ഭാരതീയ ജനതാ പാർട്ടിയും കേരള ജനപക്ഷവും സഭയ്ക്കുള്ളിൽ ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒന്നിച്ചു പ്രവർത്തിക്കും. ബി.ജെ.പി അംഗമായ ഒ.രാജഗോപാലും കേരളാ ജനപക്ഷത്തിലെ പി.സി ജോർജും സഭയിൽ ഒന്നിച്ചായിരിക്കും ഇനി പ്രവർത്തിക്കുക. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.പി.എസ് ശ്രീധരൻ പിള്ളയും ജനപക്ഷം നേതാവ് പി.സി ജോർജും തമ്മിൽ നടന്ന ചർച്ചകളിൽ എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇരുകക്ഷികളും തമ്മിൽ സഭയിലുള്ള സഹകരണം. ആചാരങ്ങൾ സംരക്ഷിക്കുന്നതിന് ശബരിമല വിശ്വാസികൾക്ക് ഒപ്പം നിൽക്കുന്ന ഇരുകക്ഷികളുടെയും നിലപാട് സഭയ്ക്കുള്ളിൽ ശക്തമായി തുടരും.

നേരത്തെ, ശബരിമല വിഷയത്തിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എരുമേലി പഞ്ചായത്തിൽ ഇടത് മുന്നണിയ്‌ക്ക് നൽകിയിരുന്ന പിന്തുണ ജനപക്ഷം അവസാനിപ്പിച്ചിരുന്നു. പിന്നാലെ ബി.ജെ.പിയുമായി ചേർന്ന് സി.പി.എം പ്രസിഡന്റിന് എതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകി. വിശ്വാസികളെ ദ്രോഹിക്കുന്ന സി.പി.എമ്മുമായുള്ള ബന്ധം പാപമാണെന്ന് പി.സി ജോർജ് എം.എൽ.എ വ്യക്തമാക്കിയിരുന്നു. ബി.ജെ.പിക്കാർ മോശമാണെന്ന് തോന്നിയിട്ടില്ല. കോൺഗ്രസിനോടും സി.പി.എമ്മിനോടും ഇപ്പോൾ തുല്യ അകലമാണെന്ന് പി.സി ജോർജ് വ്യക്തമാക്കിയിരുന്നു.

പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിൽ മൂന്നുവർഷം സി.പി.എമ്മും ജനപക്ഷവും കൈകോർത്ത ഭരണമാണ് ശബരിമല വിഷയത്തിലെ നിലപാടിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിൽ അവസാനിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജനപക്ഷം വൈസ് പ്രസിഡന്റ് ലിസമ്മ സണ്ണി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. പ്രസിഡന്റ് സി.പി.എമ്മിലെ ധനേഷ് വെട്ടിമറ്റത്തിനെതിരെ അവിശ്വാസം കൊണ്ടുവന്ന് ഭരണപക്ഷത്തെ മറിച്ചിടാനാണ് ജനപക്ഷ തീരുമാനം. ശബരിമല സമരത്തിൽ പി.സി ജോർജ് മുൻ പന്തിയിൽ നിന്നതോടെ സി.പി.എമ്മുമായിട്ടുള്ള ബന്ധം വഷളായി. ഇതേതുടർന്നാണ് ജനപക്ഷം സി.പി.എം ഭരണത്തിന് പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചത്.