കോട്ടയം: കുളിസീൻ കാണാനെത്തിയ യുവാവിനെ യുവതി പിടികൂടി. അതിനിടെ ഓടിരക്ഷപ്പെട്ട യുവാവിനെ ചോദ്യം ചെയ്യാൻ വീട്ടിലെത്തിയ യുവതിയെയും ബന്ധുക്കളെയും ഇയാൾ അസഭ്യം പറഞ്ഞ് വിരട്ടിവിട്ടു. തുടർന്ന്, തന്നെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് നിറതോക്കുമായി വീട്ടിലെത്തിയ യുവാവിന്റെ തോക്ക് യുവതി പിടിച്ചുവാങ്ങി. ഇതോടെ യുവാവ് ജീവനുംകൊണ്ട് സ്ഥലം വിട്ടു. നിറതോക്ക് യുവതി പെരുവന്താനം പൊലീസിൽ ഏല്പിച്ചു. യുവാവ് വെന്റിലേറ്ററിലൂടെ നോക്കുന്നതുകണ്ട് യുവതി ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. ആളെ തിരിച്ചറിഞ്ഞ യുവതി മകനെയുംമറ്റൊരാളെയും കൂട്ടി ഇയാളുടെ വീട്ടിലെത്തി ചോദ്യം ചെയ്തു. എന്നാൽ കുറ്റം സമ്മതിക്കാതെ ഇയാൾ അസഭ്യം പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. കലി തീരാതിരുന്ന യുവാവ് നിറ തോക്കുമായി യുവതിയുടെ വീട്ടിലെത്തി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തോക്ക് ചൂണ്ടിയതോടെ യുവതി തോക്ക് പിടിച്ചുവാങ്ങി. പൊലീസ് ഇയാൾക്കായി തെരച്ചിൽ ശക്തമാക്കി. തോക്കിന് ലൈസൻസ് ഇല്ലെന്ന് പൊലീസ് പറഞ്ഞു. വധശ്രമത്തിനും ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചതിനും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.