ന്യൂഡൽഹി: വർഗീയത ഉണർത്തുന്ന ലഘുലേഖ വിതരണം ചെയ്‌ത് പ്രചാരണം നടത്തിയെന്ന് ആരോപിച്ച് കെ.എം.ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്‌റ്റേ. നിയമസഭാ നടപടികളിൽ പങ്കെടുക്കാമെങ്കിലും ഉപാധികളോടെയാണ് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചത്. കേസിൽ ജനുവരിയിൽ അന്തിമവാദം കേൾക്കും. അതുവരെ എം.എൽ.എൽ എന്ന നിലയിൽ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഷാജിക്ക് ഉണ്ടാകില്ല. കേസിലെ എതിർകക്ഷിയായ എം.വി.നികേഷ് കുമാറിന് നോട്ടീസ് അയയ്‌ക്കാനും കോടതി ഉത്തരവിട്ടു.
നേരത്തെ, തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജിയിൽ, ഷാജിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ തടസമില്ലെന്ന് സുപ്രീം കോടതി വാക്കാൽ പരാമർശിച്ചിരുന്നു. എന്നാൽ അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ ഇല്ലാത്തതിനാൽ ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം നിയമസഭാ സെക്രട്ടറി അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഹർജിയിൻമേൽ 9-11-2018നാണ് കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. എന്നാൽ ഈ ഉത്തരവിന്റെ പ്രാബല്യം 23-11-2018 വരെ ഹൈക്കോടതി തന്നെ സ്‌റ്റേ ചെയ്‌തിരുന്നു. തുടർന്ന് ഹൈക്കോടതിയോ സുപ്രീം കോടതിയോ പ്രസ്‌തുത സ്‌റ്റേ നീട്ടിക്കൊടുക്കുകയുണ്ടായില്ല. ഈ സാഹചര്യത്തിൽ 24-11-2018 മുതൽ കെ.എം.ഷാജിയെ അയോഗ്യനാക്കിയിരിക്കുന്നുവെന്നും നിയമസഭാ സെക്രട്ടറി വി.കെ.ബാബുപ്രകാശ് പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു.