backpain

ഇന്ന് നടുവേദന ഇല്ലാത്തവർ അപൂർവമാണ്. ജീവിതശൈലിയിലെ മാറ്റങ്ങളും പുതിയ തൊഴിൽരീതികളും അമിതമായ വാഹന ഉപയോഗവുമാണ് പ്രധാന കാരണം. നട്ടെല്ല് കശേരുക്കൾകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കശേരുക്കളോടൊപ്പം ഡിസ്‌ക് പേശികൾ, സ്നായുക്കൾ, ചലനവള്ളികൾ എന്നിവയും നട്ടെല്ലിന്റെ ഭാഗമാണ്. കശേരുക്കൾക്കിടയിലുള്ള വളരെ മൃദുവായ ഭാഗമാണ് ഡിസ്‌ക്. നട്ടെല്ലിനേൽക്കുന്ന സമ്മർദ്ദം കുറയ്ക്കുകയാണ് ഇതിന്റെ പ്രധാന ധർമ്മം. ഡിസ്‌കിന്റെ തകരാറുകളും കശേരുക്കളുടെ തേയ്മാനവും ചലനവള്ളികൾക്കുണ്ടാകുന്ന വലിച്ചിലും പേശികൾക്കുണ്ടാവുന്ന ഉളുക്കുമൊക്കെ നടുവേദനയ്ക്ക് കാരണമാകാം.ചികിത്സിക്കുന്നതിനുമുമ്പ് നടുവേദനയുടെ ശരിക്കുള്ള കാരണം കണ്ടെത്തണമെന്നുമാത്രം.

പുരുഷന്മാരിലാണ് സ്ത്രീകളെ അപേക്ഷിച്ച് രോഗാവസ്ഥ കൂടുതലായി കണ്ടുവരുന്നത്. ചില പ്രത്യേക ലക്ഷണങ്ങളുള്ള നടുവേദന കൂടുതൽ ഗൗരവമായെടുക്കണം. വിശ്രമം വേണ്ടത്രയെടുത്താലും മാറാത്ത നടുവേദന ഇക്കൂട്ടത്തിൽപ്പെടും. കുട്ടികളിലെ നടുവേദനയും ശ്രദ്ധിക്കേണ്ടതുണ്ട്. നടുവേദനയോടൊപ്പം കാലിലേക്ക് വേദന വ്യാപിക്കുന്നതും കാലിൽ തരിപ്പും പെരുപ്പും ബലക്കുറവും അനുഭവപ്പെടുന്നതും ഗൗരവമുള്ളതാണ്.

ദീർഘനേരം ഇരുന്ന് ജോലിചെയ്യുന്നവർ ഒരു മണിക്കൂർ കൂടുമ്പോൾ എഴുന്നേറ്റുനിൽക്കുകയും അൽപ്പനേരം നടക്കുകയുമൊക്കെ ചെയ്യണം. ഇതിലൂടെ പ്രശ്നങ്ങൾ ഒരുപരിധിവരെ ഒഴിവാക്കാനാവും. നടുഭാഗത്തിന് സപ്പോർട്ട് ലഭിക്കുന്നതരത്തിലുള്ള കസേര ഉപയോഗിക്കണം. ടൂവീലറിൽ സഞ്ചരിക്കുമ്പോൾ നേരെയിരുന്ന് വാഹനമോടിക്കുക. ഇരുചക്ര വാഹനങ്ങളിൽ ദീർഘദൂര യാത്ര പാടില്ല. ഭാരം ഉയർത്തുമ്പോൾ ശരീരത്തോട് ചേർത്തുപിടിച്ച് ഉയർത്തുക. ഇതുപോലെ ഇരുകൈകളിലേക്കും ഭാരം നല്കുക. നേരെ നടുവ് നിവർത്തി കിടക്കുക, കൃത്യമായി വ്യായാമം ചെയ്യുക തുടങ്ങിയവയിലൂടെ നടുവേദനയെ പമ്പകടത്താം.

കല്ലട ബാലകൃഷ്ണൻ ഗുരുക്കൾ,
മർമ്മ വേദ നാഡീ മർമ്മ ആൻഡ്
ഫിസിയോതെറാപ്പി സെന്റർ,
അലവിൽ, കണ്ണൂർ
ഫോൺ: 9895556133,
8111838382