odiyan

സിനിമാവാർത്തകളിലും സിനിമ ആരാധകർക്കിടയിലും ഒടിയൻ മാത്രമാണ് ഇപ്പോൾ ചർച്ച. തിയേറ്ററുകളിൽ ഒടിയനെക്കാണാൻ ആദ്യദിനംതന്നെ എത്താനാണ് എല്ലാവരുടെയും ശ്രമം. എന്നാൽ, ഒടിയൻ എത്രകോടി വാരുമെന്നാണ് മറ്റുചിലർ ഉറ്റുനോക്കുന്നത്. മലയാളത്തിലേക്ക് ആദ്യ 100 കോടിയും 150 കോടിയും പുലിമുരുകനിലൂടെ സമ്മാനിച്ച മോഹൻലാൽ ഒടിയനിലൂടെ എത്രകോടി സമ്മാനിക്കും എന്നതരത്തിലാണ് ചർച്ചകൾ. എന്നാലിപ്പോഴിതാ, സർവകണക്കുകൾക്കുമപ്പുറം ഒടിയൻ 300 കോടിയോളം നേടുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം. പുലിമുരുകൻ എന്ന ചിത്രത്തിന് ഉണ്ടായിരുന്നതിനേക്കാൾ എത്രയോ ഇരട്ടി ഹൈപ്പ് ഒടിയനുണ്ടെന്നും, ഒരു ആവറേജ് അഭിപ്രായം വന്നാൽ പോലും 300 കോടിയ്ക്കടുത്ത് കളക്ഷൻ നേടുമെന്നുമാണ് അവരുടെ പ്രവചനം. മൂന്ന് ഭാഷകളിലായി 4000 സ്‌ക്രീനിലാണ് ഡിസംബർ 14ന് ഒടിയന്റെ റിലീസ്.

ഒടിയന് വേണ്ടി എന്തും സഹിക്കും


എസ്‌കലേറ്ററിൽ നിന്ന് വീണ് താടിയെല്ലിന് പരിക്ക് പറ്റിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന സംവിധായകൻ ശ്രീകുമാർ മേനോൻ ഒടിയന്റെ തിരക്കുകളിലേക്ക് വീണ്ടും തിരിച്ചെത്തി. ഡിസംബർ 14 ന് ചിത്രം തിയേറ്ററുകളിലെത്തുന്നതിന് മുമ്പായി അവസാനഘട്ട ജോലികൾ പൂർത്തീകരിക്കുന്ന തിരക്കിലാണ് ശ്രീകുമാർ മേനോനും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും.


ചിത്രത്തിന്റെ തിരക്കുകളിലേക്ക് തിരിച്ചെത്തിയ വാർത്ത ശ്രീകുമാർ മേനോൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. 'ചിത്രത്തിന്റെ ജോലികൾ പെട്ടെന്ന് തന്നെ പൂർത്തീകരിക്കുമെന്നും ഒടിയൻ മാണിക്യൻ ഉടൻതന്നെ തിയേറ്ററുകളിലെത്തുമെന്നുമാണ് സംവിധായകൻ തന്റെ ഫേസ് ബുക്കിൽ കുറിച്ചത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെന്നെയിലും മുംബയിലുമായി പുരോഗമിക്കുകയാണ്. ഇതിനോടൊപ്പം പോസ്റ്റർ ഡിസൈൻ മുതൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായുളള ജോലികളും നടക്കുകയാണ്.