സുനാമിയ്ക്ക് ശേഷം മത്സ്യത്തൊഴിലാളി മേഖല കണ്ട വൻ ദുരന്തമായിരുന്നു 2017 നവംബർ 29-ലെ ഓഖി ദുരന്തം. തീരത്ത് നിന്നും ഏകദേശം 70 നോട്ടിക്കൽ മൈൽ അപ്പുറത്തുള്ള ഉൾക്കടലിലായിരുന്നു കൊടുങ്കാറ്റിന്റെ പ്രഹരശേഷി കേന്ദ്രീകരിച്ചത്. ഇത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഓഖിയിൽ മരിക്കുകയോ കാണാതാവുകയോ ചെയ്ത 143 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 20 ലക്ഷം രൂപ വീതം 28.6 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭ്യമാക്കി.
അടിയന്തര ധനസഹായമായി 2000 രൂപവീതം 1,14,032 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അനുവദിക്കുകയും 22.80 കോടി രൂപ ചെലവഴിക്കുകയുംചെയ്തു. ഓഖിയിൽ വീട് നഷ്ടപ്പെട്ട 72 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സ്ഥലവും വീടും വാങ്ങാൻ 10 ലക്ഷം രൂപവീതം ആകെ 7.62 കോടി രൂപ അനുവദിക്കുകയും പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. പൂർണമായും വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപവീതം ജില്ലാ കളക്ടർമാർ മുഖേന വീട്ടുവാടക നൽകി വരുന്നു. ഇതിനായി 26.64 ലക്ഷം രൂപഅനുവദിച്ചു. ഓഖിയിൽ മരണപ്പെടുകയും കാണാതാവുകയും ചെയ്ത മത്സ്യത്തൊഴിലാളികളുടെ ഭാര്യമാരിൽ പത്താംതരത്തിൽ താഴെ വിദ്യാഭ്യാസം ഉള്ളതും 40 വയസിൽ താഴെയുള്ള പ്രായമുള്ളവരുമായ 42 പേർക്ക് മത്സ്യഫെഡിന്റെ മുട്ടത്തറയിലെ നെറ്റ് ഫാക്ടറിയിൽ ജോലി നൽകി. നഷ്ടം വിലയിരുത്താൻ കേന്ദ്രം നിയോഗിച്ച സംഘം അടിയന്തര സഹായമായി 416 കോടി രൂപ ശുപാർശ ചെയ്തിട്ടു പോലും കേവലം 111 കോടി രൂപയാണ് ദുരന്ത പ്രതികരണ നിധിയിലേക്ക് കേന്ദ്ര സർക്കാർ അനുവദിച്ചത്.
ഒരു മത്സ്യബന്ധന യാനം പൂർണമായി നഷ്ടപ്പെട്ടാൽ നൽകാവുന്ന പരമാവധി ധനസഹായം കേവലം 7500 രൂപയാണ്. ഇതുപോലെ കേരളത്തിൽ ഒട്ടും പ്രയോഗികമല്ലാത്ത മാനദണ്ഡങ്ങളാണ് കേന്ദ്ര സർക്കാർ അനുവദിക്കുന്ന ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിന് നിഷ്കർഷിച്ചിട്ടുള്ളത് ആയതിനാൽ ഈ തുക നമ്മുടെ ആവശ്യത്തിന് അനുസരിച്ച് ചെലവഴിക്കാൻ കഴിയില്ലെന്നതാണ് യാഥാർത്ഥ്യം. അർഹമായ കേന്ദ്രവിഹിതം ലഭിക്കാഞ്ഞിട്ടും മത്സ്യമേഖലയുടെ സമഗ്ര വികസനത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പാക്കാനാണ് സംസ്ഥാനം 2018-19 ലെ ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്തിന്റെ പദ്ധതികൾ പരിശോധിച്ചാൽ ഒരു സംസ്ഥാനവും ഇത്ര ഫലപ്രദമായ ദുരിതാശ്വാസ പ്രവർത്തനം ചെയ്തിട്ടില്ലെന്ന് കാണാം. മത്സ്യത്തൊഴിലാളികളുടെ സമ്മതത്തോടെ സുതാര്യമായി സർക്കാർ നടപ്പാക്കുന്ന ദുരിതാശ്വാസ പുനരുദ്ധാരണ - പുനർ നിർമ്മാണ പ്രവർത്തനങ്ങൾ വരുംതലമുറയ്ക്ക് മാതൃകയായി മാറും.