ബോളിവുഡ് സുന്ദരി ഐശ്വര്യറായിയെ ഭർത്താവ് അഭിഷേക് ബച്ചനും വീട്ടുകാരും സുഹൃത്തുക്കളും എന്തിന് ആരാധകർപോലും വിളിക്കുന്നത് ആഷ് എന്നാണ്. പക്ഷേ, ഐശ്വര്യയുടെ ശരിക്കുള്ള ഓമനപ്പേര് ആഷ് എന്നല്ലെന്നാണ് സഹോദരഭാര്യ ഷിർമയുടെ വെളിപ്പെടുത്തൽ. മോഡലും ഫാഷൻ ബ്ലോഗറുമായ ഷിർമയ്ക്കും സാമൂഹ്യമാദ്ധ്യമങ്ങളിൽ അത്യാവശ്യം ഫാൻസുണ്ട്. കഴിഞ്ഞദിവസം ഷിർമ ആസ്‌ക് മീ എനിതിംഗ് എന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ വന്നതോടെ ആരാധകരും ചോദ്യങ്ങളുമായി ഒപ്പം കൂടുകയായിരുന്നു.
എന്നാൽ, ചോദ്യങ്ങളിലേറെയും ഐശ്വര്യ റായിയെക്കുറിച്ചായിരുന്നു എന്ന് മാത്രം. നിങ്ങളുടെ ആന്റി വളരെ പ്രശസ്‌തയാണെന്ന് മക്കളോട് എങ്ങനെയാണ് പറഞ്ഞുകൊടുക്കുക എന്നായിരുന്നു അതിലൊരു ചോദ്യം. അതിന്റെ ഉത്തരം പറഞ്ഞതിനിടയിലാണ് ''ഗുലു മാമി' എന്ന് ഷിർമ പറഞ്ഞത്. എന്തായാലും ആ മറുപടിക്കിടയിൽ ആഷിന് ഗുലു മാമിയെന്ന ഓമനപ്പേര് വീണുകിട്ടിയ സന്തോഷത്തിലാണ് ആരാധകർ.
ഐശ്വര്യ കുട്ടികൾക്ക് പ്രിയപ്പെട്ട ഗുലുമാമി ആണെന്നും അവരുടെ പ്രശസ്തി ഒരിക്കൽപോലും ചർച്ചാവിഷയമായിട്ടില്ലെന്നുമായിരുന്നു ഷിർമ ആരാധകന് നൽകിയ മറുപടി.