തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിവാദങ്ങൾക്കിടെ യുവതികളെ മലചവിട്ടിക്കാൻ ഒരുങ്ങുന്ന ഫേസ്ബുക്ക് പേജിന്റെ പ്രവർത്തനങ്ങൾ ദുരൂഹമാകുന്നു. 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന് പേരിൽ തുടങ്ങിയ പേജ്, ശബരിമലയിൽ പോകാൻ സന്നദ്ധരായ യുവതികളെ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യ പടിയെന്നോണം യാത്രയ്‌ക്ക് സന്നദ്ധരായ യുവതികൾ തങ്ങളുടെ പേര്, വയസ്, ജില്ല തുടങ്ങിയ വിവരങ്ങൾ മെസേജ് ചെയ്യണം. തുടർന്ന് രണ്ട് ടെലഗ്രാം ഗ്രൂപ്പുകളുണ്ടാക്കി യാത്രയെക്കുറിച്ച് തീരുമാനിക്കുമെന്നുമാണ് അറിയിപ്പ്. ഗ്രൂപ്പിൽ പോസ്‌റ്റ് ചെയ്‌തിരിക്കുന്ന കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല വിഷയത്തിൽ തുറന്നെഴുത്തുകൾ നടത്തിയിട്ടുള്ള എഴുത്തുകാരികൾ വരെ ഇക്കാര്യത്തിന് പിന്തുണ നൽകി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, അതീവ ദുരൂഹമായാണ് ഗ്രൂപ്പ് പ്രവർത്തിക്കുന്നതെന്ന ആരോപണവുമായി സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം രംഗത്തെത്തി. പിന്നണിയിൽ ആരാണെന്ന് വ്യക്തമാക്കാതെ ഇത്തരം ഗ്രൂപ്പുകൾ തുടങ്ങി ശബരിമലയിൽ യുവതികളെ കയറ്റാൻ ശ്രമിക്കുന്നതിന് പിന്നിലെ ലക്ഷ്യവും വ്യക്തമായിട്ടില്ല. മണ്ഡലകാലത്ത് യുവതികളെ കയറ്റാൻ സർക്കാർ പോലും ശ്രമിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ദുരൂഹമാകുന്നത്. ശബരിമലയിൽ യുവതികൾ കയറാൻ ശ്രമിച്ചാൽ ശക്തമായ രീതിയിൽ പ്രതിഷേധിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുള്ള സംഘപരിവാർ ശക്തികൾക്ക് അവസരമൊരുക്കുന്നതാണ് ഇത്തരം നീക്കങ്ങളെന്ന ആക്ഷേപവും ഉയരുന്നുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന് പോലും വിവരം ലഭിക്കാത്ത രീതിയിൽ ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ഇവരുടെ ആശയ വിനിമയമെന്നതും സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു.