തിരുവനന്തപുരം: പീഡനപരാതിയിൽ പി.കെ. ശശി എം.എൽ.എയെ സസ്പെൻഡ് ചെയ്യാനുള്ള സി.പി.എം തീരുമാനം രാഷ്ട്രീയായുധമാക്കി പ്രതിപക്ഷനീക്കം. ശശിക്കെതിരെ നടപടിയെടുത്തതിലൂടെ സി.പി.എം കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്നും ഈ സ്ഥിതിക്ക് നിയമനടപടി വേണമെന്നുമാണ് ആവശ്യം. അന്വേഷണകമ്മിഷൻ അംഗമെന്ന നിലയിൽ ശശിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും നിയമനടപടിക്ക് നിർദ്ദേശം നൽകാതിരുന്ന മന്ത്രി എ.കെ. ബാലൻ കുറഞ്ഞപക്ഷം നിയമവകുപ്പെങ്കിലും ഒഴിയണമെന്ന് ഇന്നലെ യു.ഡി.എഫ് ഏകോപനസമിതി യോഗത്തിന് ശേഷം കൺവീനർ ബെന്നി ബെഹനാൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിയമമന്ത്രി നടത്തിയ അന്വേഷണത്തിലാണ് ശശി കുറ്റം ചെയ്തുവെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ പാർട്ടി നടപടിയല്ല, നിയമപരമായ നടപടിയാണ് വേണ്ടത്. എ.കെ.ജി സെന്ററിനോട് പരിഗണനകാട്ടേണ്ട വ്യക്തിയല്ല സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലേറിയ മന്ത്രി.
എം.വിൻസെന്റിന്റെ കാര്യത്തിൽ പരാതി കെട്ടിച്ചമച്ചതാണെന്ന് തങ്ങളുടെ പാർട്ടിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രളയത്തിന് ശേഷം സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചിട്ടില്ല. പ്രളയദുരിതബാധിതർക്ക് പ്രഖ്യാപിച്ച 10,000 രൂപ പോലും നൽകിയിട്ടില്ല. പ്രളയത്തിൽ മുങ്ങിയ കേരളത്തെ കൈപിടിച്ചുയർത്തിയ മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടായ നഷ്ടം പോലും നികത്തിയില്ല. നവകേരള നിർമ്മാണവും കിഫ്ബിപോലെ സ്വപ്നം മാത്രമാണ്. 4000 കോടി രൂപ കൈയിൽ വച്ചാണ് 40,000കോടിയുടെ നിർമ്മാണത്തെക്കുറിച്ച് മുഖ്യമന്ത്രി സ്വപ്നം കാണുന്നത്. ഫണ്ട് കണ്ടെത്തുന്നതിന് വ്യക്തമായ ഒരു പദ്ധതിയും സർക്കാരിനില്ല. അവലോകനമയാഗങ്ങൾ പോലും ചേരുന്നില്ല. ഇത് തുറന്നുകാട്ടാനുള്ള പ്രചരണപരിപാടികൾ സംഘടിപ്പിക്കുമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.
പ്രളയാനന്തരകേരളത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കെ.സി. ജോസഫ് അദ്ധ്യക്ഷനായ യു.ഡി.എഫ് ഉപസമിതി ഇന്നലെ റിപ്പോർട്ട് കൈമാറി. പ്രളയക്കെടുതി മറച്ചുവയ്ക്കാനാണ് ശബരിമല വിവാദം ഉയർത്തിക്കൊണ്ടുവരുന്നതെന്ന് റിപ്പോർട്ട് സമർപ്പിച്ചശേഷം കെ.സി. ജോസഫ് പറഞ്ഞു. പ്രളയമുണ്ടായി 3 മാസം കഴിഞ്ഞിട്ടും ദുരന്തബാധിതർക്ക് തൃപ്തികരമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. രണ്ടുമാസമായി അവലോകനയോഗം പോലുമില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.