പനാജി : മികച്ച ചിത്രത്തിനുള്ള സുവർണമയൂരം നേടാൻ ഇഫി ഗോവയിൽ കടുത്ത മത്സരം. ആകെ 15 ചിത്രങ്ങളിൽ ഇന്ത്യൻ എൻട്രിയായി ജയരാജിന്റെ ഭയാനകം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ എന്നീ മലയാള ചിത്രങ്ങളും ചേഴിയൻ റാ സംവിധാനം ചെയ്ത ടു ലെറ്റ് എന്ന തമിഴ് ചിത്രവുമാണുള്ളത്. എന്നാൽ ശക്തമായ പ്രമേയങ്ങളുമായി വിദേശഭാഷാ ചിത്രങ്ങൾ വലിയ വെല്ലുവിളി ഉയർത്തുന്നു.
ഭയാനകത്തിൽ പോസ്റ്റുമാനായി വേഷമിട്ട രൺജിപണിക്കരിലാണ് (മികച്ച നടൻ) മലയാളം വലിയ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. എന്നാൽ എ ട്രാൻസ്ലേറ്റർ,വാൻഗോഗ്,ഇറോ (ഹിയർ)തുടങ്ങിയ ചിത്രങ്ങളിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻമാർ മികച്ച അഭിനയമാണ് കാഴ്ചവച്ചിട്ടുള്ളത്. ഈ മ യൗ വിൽ വേഷമിട്ട ചെമ്പൻ വിനോദും ശ്രദ്ധേയമായ അഭിനയം പ്രകടമാക്കിയിരുന്നു..
2000 ത്തിൽ കരുണത്തിലൂടെ സുവർണമയൂരം ആദ്യമായി കേരളത്തിലേക്കു കൊണ്ടുവന്ന ജയരാജിന്റെ ഭയാനകം പ്രമേയത്തിന്റെ ശക്തിയാൽ മികച്ച ചിത്രത്തിനുള്ള പരിഗണനയിൽ വന്നിട്ടുണ്ട്. ആവിഷ്കാരരീതിയാണ് ഈ മ യൗവിന്റെ പ്രത്യേകത. അൺസീൻ എന്ന അർജന്റീനിയൻ ചിത്രമാണ് മികച്ച ചിത്രത്തിനുള്ള പരിഗണനയിൽ മുന്നിൽ നിൽക്കുന്നത്. ഈസ്റ്റോണിയയിൽ നിന്നുള്ള ദി മാൻസ് ലേയർ, ദി വിർജിൻ, ദി ഷാഡോ, ക്യൂബൻ ചിത്രമായ എ ട്രാൻസ്ലേറ്റർ ഇറാൻ ചിത്രം ഇറോ, ബൾഗേറിയയിൽ നിന്നുള്ള അഗ, ഡോൺബാസ് എന്നിവയും പരിഗണനപ്പട്ടികയിലുണ്ട്. നവാഗത സംവിധായകനുള്ള ശതാബ്ധി അവാർഡിന് ചേഴിയൻ റായും യുനസ്കോ ഗാന്ധി മെഡലിന് പ്രിയാകൃഷ്ണസ്വാമിയെന്ന തമിഴ് സംവിധായികയുടെ ബാരവും ഇന്ത്യയിൽ നിന്നുള്ള എൻട്രികളായുണ്ട് . ദി മാൻസ് ലേയർ, ദി വിർജിൻ, ദി ഷാഡോ എന്ന ചിത്രത്തിലെ നായികയാണ് മികച്ച നടിക്കുള്ള അവാർഡിന് മുന്നിൽ നിൽക്കുന്നത്. ഇംഗ്ളീഷ് ചലച്ചിത്ര സംവിധായകനായ ജോൺ ഇർവിൻ അദ്ധ്യക്ഷനായ ജൂറിയിൽ ഇന്ത്യയിൽ നിന്നുള്ള സംവിധായകൻ രാകേഷ് ഓംപ്രകാശ് മെഹ്റയും അംഗമാണ്.അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും.
മികച്ച ചിത്രം ,സംവിധായകൻ ,നടൻ,നടി,പ്രത്യേക ജൂറി അവാർഡ് ,നവാഗത സംവിധായകനുള്ള അവാർഡ് എന്നിവയടക്കം എട്ട് അവാർഡുകളാണ് ഉള്ളത്.
ഇനി അമ്പതാം വർഷത്തിൽ
ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവം അടുത്തവർഷം അമ്പതാം പതിപ്പിലേക്ക് കടക്കുകയാണ്. വിപുലമായ ഒരുക്കങ്ങളാണ് ആലോചിക്കുന്നത്. ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ അടുത്തയാഴ്ച ഡൽഹിയിൽ യോഗം ചേരും.