kerala-high-court

കൊച്ചി: ശബരിമലയിലെ പൊലീസ് നടപടികളിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി ഹൈക്കോടതി രംഗത്തെത്തി. ശബരിമലയിൽ ദർശനത്തിനെത്തിയ ജഡ്‌ജിയെ പൊലീസ് അപമാനിച്ചത് തെറ്റായ നടപടിയാണ്. ഇക്കാര്യത്തിൽ പൊലീസിനെതിരെ സ്വമേധയാ കേസെടുക്കാതിരുന്നത് ജഡ‌്‌ജി നിർദ്ദേശിച്ചത് കൊണ്ടാണ്. അത് കോടതിയുടെ കഴിവ് കേടായി കരുതരുത്. നാമജപം നടത്തുന്നവരെ അറസ്‌റ്റ് ചെയ്യുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ശബരിമല കേസുകൾ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമർശങ്ങൾ.

ശബരിമലയിൽ നാമജപം നടത്തുന്നവരെ നിയന്ത്രിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു. സ്വാമിയേ സ്ത്രീകളെ കയറ്റല്ലേ എന്നല്ലല്ലോ സ്വാമി ശരണം എന്നല്ലേ ഭക്തർ വിളിക്കുന്നത് ; പിന്നെങ്ങനെ സുപ്രീം കോടതി വിധിക്ക് എതിരാകുമെന്നും ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് ചോദിച്ചു. എന്നാൽ ശബരിമലയിൽ സുരക്ഷ ഒരുക്കുക മാത്രമാണ് പൊലീസ് ശബരിമലയിൽ ചെയ്തതെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. ഭക്തർക്ക് സുരക്ഷ ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാനത്തിന് നിലപാട് എടുക്കാനാവില്ല. സന്ദർശനത്തിന് യുവതികൾ എത്തിയാൽ തടയുന്നതിനാണ് സമരക്കാർ ശ്രമിക്കുന്നത്. യുവതികളെത്തിയാൽ സംരക്ഷണം നൽകും. ശബരിമലയിലെത്താൻ ഒരു യുവതിയെയും നിർബന്ധിക്കില്ലെന്നും എ.ജി വ്യക്തമാക്കി.


ക്രമസമാധാന പ്രശ്നങ്ങളുള്ള സാഹചര്യങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിക്കാൻ പൊലിസിന് ആവശ്യപ്പെടാം. ക്രമസമാധാനം തകരുമോയെന്ന് പറയാൻ പൊലീസിനു മാത്രമാണ് അധികാരമെന്ന് സുപ്രിംകോടതി വിധി ഉദ്ധരിച് എ.ജി പറഞ്ഞു. പ്രതിഷേധം മൂലം ഒരു യുവതിക്കും ഇതുവരെ പ്രവേശിക്കാനായിട്ടില്ലെന്നും എ.ജിയുടെ വിശദീകരിച്ചു. ശബരിമലയിലെ അതിക്രമം സംബന്ധിച്ച സ്‌പെഷ്യൽ കമ്മിഷൻ റിപ്പോർട്ടും അഡ്വക്കേറ്റ് ജനറൽ കോടതിയിൽ വായിച്ചു.