majeed-majidi

ഇരുപത്തി മൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി ചെയർമാനായി വിഖ്യാത ചലച്ചിത്രകാരൻ മജീദ് മജീദി എത്തും. ഐ.എഫ്.എഫ്.കെ.യുടെ അന്താരാഷ്ട്ര മത്സരവിഭാഗം ജൂറി ചെയർമാനായാണ് മജീദി എത്തുക. തമിഴ് സംവിധായകനായ വെട്രിമാരൻ, മറാത്തി സംവിധായകനായ ഉമേഷ് കുൽക്കർണി, ഫിലിപ്പിനോ സംവിധായകനായ അഡോൽഫോ അലിക്‌സ് ജൂനിയർ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.

ജൂറി ഫിലിംസ് വിഭാഗത്തിൽ മജീദിയുടെ വിവാദ ചിത്രം 'മുഹമ്മദ് ദി മെസഞ്ചർ ഒഫ് ഗോഡ്' മേളയിൽ പ്രദർശിപ്പിക്കും. കൂടാതെ വെട്രിമാരന്റെ വടചെന്നൈ, ഉമേഷ് കുൽക്കർണിയുടെ ഹൈവേ, അഡോൽഫോ അലിക്‌സ് ജൂനിയറിന്റെ ഡാർക്ക് ഈസ് ദ നൈറ്റ് എന്നിവയും പ്രേക്ഷകർക്ക് മുന്നിലെത്തും.

പ്രവാചകനായ മുഹമ്മദ് നബിയുടെ ബാല്യകാലം ആവിഷ്‌കരിക്കുന്ന ചിത്രമാണ് 'മുഹമ്മദ് ദി മെസഞ്ചർ ഒഫ് ഗോഡ്'. 2015 ൽ പുറത്തിറങ്ങിയ ഈ ചിത്രം ഇറാനിയൻ സിനിമയുടെ ചരിത്രത്തിൽ തന്നെ നിർമ്മിച്ച ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു. എ.ആർ. റഹ്മാനാണ് സംഗീതം.