ശ്രീനഗർ: ജമ്മു കശ്മിരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. രണ്ടു സൈനികർക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനും കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലെ റെഡ്വാനി മേഖലയിൽ അർദ്ധരാത്രിയിലാണ് ഭീകരരുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്. ഈ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സെന്യം നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരർ വെടിയുതിർത്തെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടൽ അഞ്ചു മണിക്കൂർ നീണ്ടുനിന്നു. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പുൽവാമയിലെ ഹഫൂ മേഖലയിലും സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു. ഭീകരനെ സൈന്യം വധിച്ചു. ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു.ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.