പത്തനംതിട്ട: ഒരു സ്ത്രീയുടെ കാല് കണ്ടാൽ വൃണപ്പെടുന്നതാണോ നിങ്ങളുടെ മതവികാരമെന്ന് കൊച്ചി സ്വദേശിനി രഹനാ ഫാത്തിമയുടെ പ്രതികരണം. ശബരിമല വിഷയത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്ക് പോസ്‌റ്റിട്ട കേസിൽ അറസ്‌റ്റിലായ രഹനാ ഫാത്തിമയെ പത്തനംതിട്ടയിൽ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം.
പത്തനംതിട്ട സി.ഐ ഓഫീസിന് മുന്നിൽ തടിച്ച് കൂടിയിരുന്ന ആളുകൾ കൂക്കിവിളികളോടെയാണ് രഹനാ ഫാത്തിമയെ സ്വീകരിച്ചത്. എന്നാൽ കൂകാൻ പോലും അറിയാത്ത ചിലർ തനിക്കെതിരെ കുരയ്‌ക്കുകയാണ് എന്നായിരുന്നു രഹനാ ഫാത്തിമയുടെ പ്രതികരണം. ഇതിലൂടെ സ്വന്തം സംസ്‌ക്കാരമെന്താണെന്ന് അവർ തെളിയിച്ചു. ഒരു സ്ത്രീയുടെ കാല് കണ്ടാൽ അവരുടെ മതവികാരവും ബ്രഹ്മചര്യവും നശിക്കുമെന്ന് സമ്മതിച്ചിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ഫേ്ബുക്കിൽ പോസ്‌റ്റിട്ടെന്ന ബി.ജെ.പി നേതാവ് രാധാകൃഷ്‌ണ മേനോന്റെ പരാതിയിൽ പത്തനംതിട്ട പൊലീസ് ഇന്ന് ഉച്ചയോടെയാണ് പാലാരിവട്ടത്തെ ബി.എസ്.എൻ.എൽ ഓഫീസിൽ നിന്നും രഹനാ ഫാത്തിമയെ അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് പത്തനംതിട്ടയിലെത്തിയ രഹനാ ഫാത്തിമയെ ചോദ്യം ചെയ്യലിന് ശേഷം നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.