തിരുവനന്തപുരം: അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയ കേസിൽ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി രഹ്‌നാ ഫാത്തിമയെ ബി.എസ്.എൻ.എൽ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. ബി.എസ്.എൻ.എല്ലിൽ ടെലികോം ടെക്‌നീഷ്യനായ രഹ്‌നാ ഫാത്തിമയെ അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകമാണ് ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തത്. തങ്ങളുടെ ജീവനക്കാർ നടത്തുന്ന വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾക്ക് കമ്പനി ഉത്തരവാദിയല്ലെന്ന് നേരത്തെ തന്നെ ബി.എസ്.എൻ.എൽ വ്യക്തമാക്കിയിരുന്നു.
പത്തനംതിട്ട പൊലീസാണ് കൊച്ചിയിൽ നിന്നും രഹ്‌ന ഫാത്തിമയെ അറസ്റ്റ് ചെയ്‌തത്. ശബരിമല അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്നതരത്തിൽ ഫേ്ബുക്കിൽ പോസ്റ്റിട്ടെന്ന ബി.ജെ.പി നേതാവ് രാധാകൃഷ്ണ മേനോന്റെ പരാതിയിലാണ് അറസ്റ്റ്.
295 (A) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം കിട്ടാത്ത വകുപ്പാണിതെന്നാണ് അറിയുന്നത്. കേസുമായി ബന്ധപ്പെട്ട് രഹ്‌ന ഫാത്തിമ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നിനിടെയായിരുന്നു അറസ്റ്റ്.