sunil-arora

ന്യൂഡൽഹി: സുനിൽ അറോറയെ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ്​ കമ്മിഷണറായി രാഷ്​ട്രപതി നിയമിച്ചു. നിലവിൽ തിരഞ്ഞെടുപ്പ്​ കമ്മിഷണർമാരിൽ ഒരാളായ സുനിൽ അറോറ, സ്ഥാനമൊഴിയുന്ന മുഖ്യ തിരഞ്ഞെടുപ്പ്​ കമ്മിഷണർ ഒ.പി. റാവത്തിനു പകരമായി ഡിസംബർ രണ്ടിന് ചുമതലയേൽക്കും. 2019ലെ ലോക്​സഭ തിരഞ്ഞെടുപ്പ്​ ഇദ്ദേഹത്തി​ന്റെ കീഴിലായിരിക്കും നടക്കുക. 62 കാരനായ അറോറയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിൽ മൂന്നുവർഷം കാലാവധിയുണ്ട്.

രാജസ്ഥാൻ കേഡറിൽനിന്നുള്ള 1980 ബാച്ച്​ ഐ.എ.എസ്​ ഉദ്യോഗസ്ഥനായ ഇദ്ദേഹം വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ്​ തലവനായിരുന്നു. കൂടാതെ ധനകാര്യം, ടെക്​സ്​റ്റൈൽ, ആസൂത്രണ കമ്മിഷൻ എന്നീ മന്ത്രാലയങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്​. ഇന്ത്യൻ എയർലൈൻസ്​ സി.എം.ഡിയായി അഞ്ചു വർഷം പ്രവർത്തിച്ചു. 2005-2008 കാലയളവിൽ രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും അതിന് മുമ്പ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായിരുന്നു.