
തിരുവനന്തപുരം: ജനതാദൾ എസ് ന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണൻകുട്ടി ജലവിഭവ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനിൽ ഗവർണ്ണർ പി.സദാശിവമാണ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയടക്കം മറ്റുമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.ജലവിഭവം ഉൾപ്പെടെ മാത്യു ടി തോമസ് വഹിച്ചിരുന്ന വകുപ്പുകൾ തന്നെയാകും കൃഷ്ണൻകുട്ടിക്ക് ലഭിക്കുക. സർക്കാരിന്റെ ശബരിമല നിലപാടിലേതടക്കമുള്ള നിലപാടിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. അതേ സമയം ബി.ജെ.പി എം.എൽ.എയായ ഒ.രാജഗോപാൽ ചടങ്ങിൽ പങ്കെടുത്തു.
രണ്ടര വർഷത്തിന് ശേഷം മന്ത്രി സ്ഥാനം വെച്ചുമാറാനുള്ള പാർട്ടി തീരുമാനമനുസരിച്ചാണ് മാത്യു ടി തോമസ് രാജി വെച്ചത്. അദ്ദേഹത്തിന് ഇക്കാര്യത്തിൽ എതിർപ്പുണ്ടായിരുന്നെങ്കിലും കേന്ദ്ര നേതൃത്വം ഇടപെട്ട് ധാരണയിലെത്തുകയായിരുന്നു. മാത്യു ടി തോമസിന്റെ രാജി ഇന്നലെ ഗവർണ്ണർ അംഗീകരിച്ചു. രാവിലെയാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകിയത്. ചിറ്റൂരിൽ നിന്നുള്ള എംഎൽഎ യാണ് കൃഷ്ണൻകുട്ടി. 1982ൽ ആദ്യമായി നിയമസഭയിലെത്തിയ കൃഷ്ണൻകുട്ടി നാല് പതിറ്റാണ്ട് നീണ്ട് രാഷ്ട്രീയ ജീവിതത്തിനിടെ ആദ്യമായാണ് മന്ത്രി പദവിയിലെത്തുന്നത്.