okhi-cyclone

തിരുവനന്തപുരം: ഓഖി തകർത്തെറിഞ്ഞ തീരങ്ങളിൽ ഇന്നും കണ്ണീർ വറ്റിയിട്ടില്ല. തീരങ്ങളെ ചുഴറ്റിയെറിഞ്ഞ ഓഖി വീശിയിട്ട് ഒരാണ്ട് തികയാൻ ഒരു ദിവസം മാത്രം. ഇന്നും ശാന്തമാകാത്ത മനസുമായാണ് കടലോരത്തെ ഓരോ ജീവിതങ്ങളും. കണക്കാണ് ഭൂമിയുടെ സ്പന്ദനമെങ്കിലും ആ കണക്കിൽപെടാത്തവരുടെ ജീവിതം ദുസഹം തന്നെയാണ്. അധികൃതർ പുറത്തിറക്കിയ പട്ടികകളിൽപെടാത്ത അനേകംപേരുടെ ജീവിതം ഇപ്പോഴും ഒരിഞ്ചുപോലും മുന്നോട്ട് നീങ്ങിയിട്ടില്ല.

2017 നവംബർ 29 മുതൽ ഡിസംബർ 6വരെ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെയും കാണാതായവരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയും കണക്കുകളിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. 52 പേർ മരിച്ചുവെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് പറയുമ്പോൾ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിക്കുന്നത് 60 പേരുടെ കണക്കാണ്. കാണാതായവർ 300 പേരെന്നാണ് സംസ്ഥാന സർക്കാരിന്റെ ഓദ്യോഗിക കണക്കുകളിൽ. ജില്ലതിരിച്ചുള്ള കണക്കുകളിൽ ഇത് അവ്യക്തവുമാണ്.

തിരുവനന്തപുരം ജില്ലയിൽമാത്രം മരിച്ചവരുടെ എണ്ണം 144 ആണ്. പക്ഷേ, മൃതദേഹം കണ്ടുകിട്ടിയ

64 പേരുടെ കുടുംബങ്ങൾക്ക് മാത്രമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ധനസഹായം കിട്ടിയത്.

ധനസഹായം

241.34 കോടി രൂപയാണ് ഓഖി ദുരിതാശ്വാസത്തിനായി കേന്ദ്രം കേരളത്തിന് നൽകിയത്. എന്നാൽ, ഇതുവരെ ചെലവഴിച്ചത് ഏകദേശം 40 കോടി രൂപ മാത്രം. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത 20 ലക്ഷം രൂപ ട്രഷറി അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ട്. ഇതിന്റെ പലിശത്തുക മാസംതോറും അവരുടെ കൈകളിലെത്തുന്ന തരത്തിലാണ് ക്രമീകരണം.

വലപൊട്ടിയ സ്വപ്നങ്ങൾ

ആഞ്ഞടിച്ച ചുഴലിയിൽ ജീവൻ നഷ്ടപ്പെട്ടവർ മാത്രമല്ല, ബോട്ടുകളും വലകളും മറ്റ് യന്ത്രസാമഗ്രികളും നഷ്ടപ്പെട്ട് ജീവിതം ചോദ്യചിഹ്നമായി മാറിയവരും ഏറെയാണ്. തിരുവനന്തപുരം ജില്ലയിൽ മത്സ്യബന്ധനത്തിന് പോയ ഏകദേശം 83 മത്സ്യബന്ധനബോട്ടുകൾ പൂർണമായും 18 എണ്ണം ഭാഗികമായും നശിച്ചു. വിഴിഞ്ഞം, പൂന്തുറ, വലിയതുറ ഭാഗങ്ങളിൽ കടലിൽ നങ്കൂരമിട്ടിരുന്ന 80ഓളം ബോട്ടുകൾക്കും കാര്യമായ കേടുപാടുകൾ ഉണ്ടായി. വള്ളം മാത്രമല്ല, വലയും മറ്റ് ഉപകരണങ്ങളുമെല്ലാം ഇതിൽപെടും. തത്തുല്യമായ നഷ്ടപരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഇവരിൽ പലർക്കും കിട്ടിയ ഏറ്റവും ഉയർന്ന തുക 14 ലക്ഷം രൂപമാത്രമാണ്. ഇത് നഷ്ടപ്പെട്ടതിന്റെ പകുതിപോലും വരില്ല. 64 പേർക്ക് മാത്രമാണ് ചെറിയ തുകയെങ്കിലും വള്ളത്തിനായി കിട്ടിയത്.

തുഴ നഷ്ടപ്പെട്ട മനസുകൾ

കടലിൽനിന്ന് ആ നിലവിളികൾ ഉയർന്ന ദിവസങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഉറക്കത്തിൽ പോലും ഞെട്ടിവിറയ്ക്കുന്നവരുണ്ട്. ഒരിക്കൽകൂടി ആ ദിവസങ്ങളക്കുറിച്ച് ഓർത്തെടുക്കാനാവുന്നില്ല. അത്രയും മാനസികമായി ദുർബലാവസ്ഥയിലായ അനേകരുണ്ട്. ഇനിയൊരിക്കൽകൂടി കടലിൽപോകാൻ ധൈര്യമില്ലാതെ തീരത്തുതന്നെ ചെറിയ മറ്റുജോലികൾ ചെയ്ത് നിത്യവൃത്തിക്ക് വഴി കണ്ടെത്തുന്നവരെ ഏത് പട്ടികയിൽപെടുത്തും? അവരുടെ കുടുംബത്തിന് ഉണ്ടായിട്ടുള്ള വലിയ മാനസികാരോഗ്യ നഷ്ടത്തെ ഏതു കണക്കിൽപെടുത്തും? പക്ഷേ, പറഞ്ഞുവരുമ്പോൾ അവരും ഓഖിയുടെ ഇരകളാണ്.

കാലംതെറ്റിയ മുന്നറിയിപ്പുകൾ

നിലവിൽ തീരദേശവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന, സാമൂഹ്യ, സാമ്പത്തിക അരക്ഷിതാവസ്ഥകൾക്ക് പുറമെയാണ് അടിയ്ക്കടിയുണ്ടാകുന്ന കാലംതെറ്റിയ കാലാവസ്ഥ മുന്നറിയിപ്പുകൾ. ഉത്തരവാദിത്തത്തിൽ നിന്നൊഴിവാകാനായി കാറും കോളും കാണുമ്പോൾതന്നെ വരുന്ന മുന്നറിയിപ്പുകൾ കാരണം മിക്കദിവസങ്ങളിലും തീരത്തെ വീടുകളിൽ അടുപ്പ് പുകയാറില്ല.

(ഒരു കണക്കിലും പെടാത്തവർ.. അതേക്കുറിച്ച് നാളെ..)