മുംബയ്: ലോക വനിതാ ട്വന്റി 20 ചാംപ്യൻഷിപ്പിലെ സെമി ഫൈനൽ പോരാട്ടത്തിൽ സൂപ്പർ താരം മിതാലി രാജിന് അവസരം നൽകാത്തതിനെ തുടർന്നുള്ള വിവാദം കൂടുതൽ രൂക്ഷമായി. വനിതാ ടീം കോച്ചും മുൻ ഇന്ത്യൻ താരവുമായ രമേഷ് പവാറിനും ബി.സി.സി.ഐ ഇടക്കാല ഭരണസമിതി അംഗവും വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ ഡയാന എഡുൽജി എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മിതാലി.
രമേശ് പവാർ തന്നെ തുടർച്ചയായി അപമാനിച്ചതായി ചൂണ്ടിക്കാട്ടി ബി.സി.സി.ഐയ്ക്ക് മിതാലി രാജ് കത്തയച്ചു. അധികാരം തലയ്ക്ക് പിടിച്ച ചിലർ തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്ന് മിതാലി ആരോപിച്ചു. ഡയാന എഡുൽജിയുടെ കൈകൾ ശുദ്ധമല്ലെന്നും മിതാലി കത്തിൽ പറയുന്നു. ക്യാപ്ടൻ ഹർമൻ പ്രീതിനെതിരെ തനിക്ക് പ്രത്യേകിച്ചൊരു പരാതിയുമില്ലെന്ന് മിതാലി കത്തിൽ വ്യക്തമാക്കി. എന്നാൽ തന്നെ ടീമിൽ ഉൾപ്പെടുത്താത്ത കോച്ചിന്റെ തീരുമാനത്തെ ഹർമൻപ്രീത് പിന്തുണച്ചത് വേദനിപ്പിച്ചുവെന്നും മിതാലി പറയുന്നു.
കോച്ച് രമേഷ് പവാർ പലതവണ തകർക്കാൻ ശ്രമിച്ചതായാണ് മിതാലിയുടെ പ്രധാന ആരോപണം. താൻ നെറ്റ്സിൽ പരിശീലനത്തിന് എത്തുമ്പോൾ രമേശ് പവാർ അവിടെ നിന്ന് മാറിനിൽക്കുമെന്നും മറ്റുള്ളവർ പരിശീലനത്തിനെത്തുമ്പോൾ അവർക്ക് നിർദ്ദേശം നൽകുകയും ചെയ്യും. എന്തെങ്കിലും ചോദിക്കാൻ ചെന്നാൽ അവഗണിച്ചുകൊണ്ട് ഫോണുമായി നടന്നുപോകും. അദ്ദേഹം എന്നെ നിരന്തരം അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് എല്ലാ ടീമംഗങ്ങൾക്കും അറിയാമെന്നും മിതാലി വ്യക്തമാക്കി.
ഡയാന എഡുൽജി ബി.സി.സി.ഐയിൽ അവർക്കുള്ള അധികാരം തനിക്കെതിരെ ദുരുപയോഗം ചെയ്യുകയാണെന്ന് മിതാലി ആരോപിച്ചു. വെസ്റ്റ് ഇൻഡീസിൽ താൻ നേരിട്ട ദുരനുഭവം അറിയിച്ചിട്ടും എന്നെ പുറത്തിരുത്തിയ തീരുമാനത്തെ അവർ പിന്തുണച്ചത് എന്നെ തകർത്തുകളഞ്ഞുവെന്നും മിതാലി വ്യക്തമാക്കി. താൻ രാജ്യത്തിനായി നൽകിയ സംഭാവനകളോട് ബി.സി.സി.ഐ അധികൃതർക്ക് ബഹുമാനമുണ്ടോ എന്ന് സംശയമാണെന്നും മിതാലി പറഞ്ഞു. ഈ ലോകകപ്പ് രാജ്യത്തിനായി നേടണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. ലോകകപ്പ് ജയിക്കാനുള്ള സുവർണാവസരമാണ് ഇക്കുറി നാം നഷ്ടമാക്കിയതെന്നും മിതാലി കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ മിതാലിയെ ഉൾപ്പെടുത്താതെ ഇറങ്ങിയ ഇന്ത്യ, എട്ടുവിക്കറ്റിന് ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. സംഭവത്തിൽ ഇന്ത്യൻ ക്യാപ്ടൻ ഹർമൻ പ്രീത് കൗർ, ടീം മാനേജർ തൃപ്തി ഭട്ടാചാര്യ എന്നിവർ ബി.സി.സി.ഐ സി.ഇ.ഒ രാഹുൽ ജോഹ്രിയോട് നേരിട്ട് വിശദീകരണം നൽകിയിട്ടുണ്ട്. പിന്നീട് മിതാലിയും ഹർമൻപ്രീതും മറ്റു ബി.സി.സി.ഐ ഭാരവാഹികളോട് കണ്ട് ടീം സെലക്ഷനെക്കുറിച്ച് തങ്ങളുടെ നിലപാടുകൾ അറിയിച്ചു.
മിതാലിയെ ടീമിൽ ഉൾപ്പെടുത്താത്ത തീരുമാനത്തിൽ ഖേദമില്ലെന്നു ഹർമൻപ്രീത് പറഞ്ഞു.