ന്യൂഡൽഹി: ട്വന്റി-20 വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിയിൽ തന്നെ ഒഴിവാക്കിയതിന് പ്രധാന കാരണക്കാരൻ മുൻ ഇന്ത്യൻ താരം കൂടിയായ കോച്ച് രമേശ് പവാറാണെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസ താരം മിഥാലി രാജ് ബി.സി.സി.ഐ ഭാരവാഹികൾക്ക് ഇ മെയിലിലൂടെ അയച്ച കത്ത് പുറത്ത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾക്ക് പുതിയ മാനങ്ങൾ നൽകിയിരിക്കുകയാണ് മിഥാലിയുടെ കത്ത്.
പവാർ തന്നെ അപമാനിക്കുകയും ഇല്ലാതാക്കാൻ ശ്രമിക്കുകയുമാണെന്നുള്ള ഗുരുതര ആരോപണങ്ങളാണ് മിഥാലി ബി.സി.സി.ഐ സി.ഇ.ഒ രാഹുൽ ജൊഹ്രിയ്ക്കും ജി.എം. (ക്രിക്കറ്റ് ഓപ്പറേഷൻ) സാബാകരിമിനും അയച്ച കത്തിലുള്ളത്. ബി.സി.സി.ഐയുടെ താത്കാലിക ഭരണ സമിതി അംഗവും മുൻ ഇന്ത്യൻ താരവുമായ ഡയാന എഡുൽജിക്കെതിരെയും കടുത്ത പരാമർശങ്ങൾ ഉണ്ട്.
എഡുൽജി പദവി ഉപയോഗിച്ച് തന്നെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് മിഥാലിയുടെ പ്രധാന ആരോപണം. അതേസമയം മിഥാലിയെ സെമിയിൽ ആദ്യ പതിനൊന്നിൽ നിന്ന് ഒഴിവാക്കിയ വിഷയത്തിൽ ഇതുവരെ പ്രധാനമായും പ്രതിക്കൂട്ടിലായിരുന്ന ഇന്ത്യൻ ക്യാപ്ടൻ ഹർമ്മൻ പ്രീത് കൗറിനെതിരെ കടുത്ത ആരോപണങ്ങളൊന്നും കത്തിലില്ല.
മിഥാലിയുടെ കത്തിൽ നിന്ന്...
എന്റെ രണ്ട് ദശാബാദക്കാലത്തെ കരിയറിൽ ആദ്യമായാണ് ഇങ്ങൊനൊരു അവസ്ഥ അഭിമുഖീകരിക്കുന്നത്. ആത്മവിശ്വാസം നഷ്ടപ്പെട്ട് കടുത്ത നിരാശയിലാണ് ഞാൻ. ഞാൻ ഇതുവരെ രാജ്യത്തിന് നൽകിയ സംഭാവനകൾക്കൊന്നും ഒരു വിലയുമില്ലാതായിപ്പോയെന്ന് ചിന്തിക്കാൻ നിർബന്ധിതയായിരിക്കുന്നു. അധികാരസ്ഥാനത്തിരിക്കുന്ന ചില വ്യക്തികൾ എന്നെ തകർക്കാനും ആത്മവിശ്വാസം കെടുത്താനും ശ്രമിക്കുന്നു.
ഞാനും കോച്ച് പവാറും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയത് വെസ്റ്റിൻഡീസിൽ എത്തിയതിന് ശേഷം പെട്ടെന്നായിരുന്നു. എന്താണ് കാരണമെന്ന് എനിക്ക് അറിയില്ല. ഞാൻ ഉള്ള സ്ഥലങ്ങളിൽ നിന്ന് അയാൾ അകലം പാലിച്ചു. നെറ്റ്സിൽ മറ്റുള്ളവർ ബാറ്റ്ചെയ്യുമ്പോൾ അയാളുണ്ടാകും.എന്നാൽ ഞാൻ ബാറ്ര് ചെയ്യാനെത്തുമ്പോൾ അവിടെനിന്ന് പോകും. ഈ വിഷയം ടീമിനെയും എന്നെയും പ്രതികൂലമായി ബാധിക്കുമെന്ന ഭയത്തിൽ ഇക്കാര്യങ്ങളിൽ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ ടീം മാനേജറെ കണ്ടു. ഇത് വിപരീത ഫലമാണുണ്ടാക്കിയത്. ഞാൻ വിഷ് ചെയ്താൽപോലും കോച്ച് പ്രതികരിക്കാതായി. ഞാൻ സംസാരിക്കാൻ ചെന്നാൽ ഫോണിൽ നോക്കുന്നത് പോലെ അഭിനയിച്ച് ഒഴിവാക്കും. എന്നെ ആയാൾക്ക് ടീമിൽ നിന്ന് എങ്ങനെയെങ്കിലും പുറത്താക്കണമായിരുന്നു.
എന്നെ അയാൾ ഇങ്ങനെ അപമാനിക്കുകയാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. എന്നിട്ടും ഞാൻ സമചിത്തതയോടെ തന്നെ പെരുമാറി.
അതേസമയം ട്വന്റി-20 ക്യാപ്ടൻ ഹർമ്മൻപ്രീതുമായി എനിക്ക് യാതൊരു പ്രശ്നവുമില്ല. എന്നാൽ എന്നെ ഒഴിവാക്കാനുള്ള കോച്ചിന്റെ തീരുമാനത്തെ ഹർമ്മൻ പിന്തുണച്ചത് വേദനിപ്പിച്ചു. എന്റെ രാജ്യത്തിന് വേണ്ടി എനിക്ക് കിരീടം നേടണമായിരുന്നു. എന്നാൽ സെമിയിൽ തോറ്റ് സുവർണാവസരം നഷ്ടപ്പെടുത്തി.
ഭരണസമിതി അംഗമെന്ന നിലയിൽ ഡയാന എഡുൽജിയോട് എനിക്ക് തികഞ്ഞ ബഹുമാനമായിരുന്നു. വെസ്റ്റിൻഡീസിൽ നടന്ന സംഭവങ്ങൾ മുഴുവൻ ഞാൻ അവരോട് പറഞ്ഞിട്ടും എനിക്കെതിരെ തിരിഞ്ഞതിൽ നിരാശയുണ്ട്. എന്നെ ടീമിൽ നിന്ന് ഒഴിവാക്കിയതിനെ അവർ പിന്തുണച്ചത് എന്നെ തകർത്തുകളഞ്ഞു. തികച്ചും പക്ഷാപാതപരമായ നിലപാടാണ് ഡയാനയുടേത്. എല്ലാമറിയാമായിരുന്നിട്ടും അവരിങ്ങനെ പെരുമാറുന്നത് പദവി ഉപയോഗിച്ച് എന്നെ തകർക്കാനാണെന്ന് സംശയിക്കുന്നു.