crime

കോഴിക്കോട് : സി.പി.എം ജില്ലാ കമ്മിറ്റി ഒാഫീസിൽ ബോംബെറിഞ്ഞ് സെക്രട്ടറി പി. മോഹനനെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ആർ.എസ്.എസ് നേതാവടക്കം രണ്ട് പേരെ കോഴിക്കോട് ഫസ്റ്റ് ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആർ.എസ്.എസ് കോഴിക്കോട് നഗരം കാര്യവാഹക് വെള്ളയിൽ കളരിയിൽ വീട്ടിൽ എൻ.പി. രൂപേഷ് (37), കല്ലാച്ചി സ്വദേശി ചേലക്കാട് കോറോത്ത് ഷിജിൻ (24) എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫനും സംഘവും ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യാൻ ഒാഫീസിൽ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പി. മോഹനൻ ഒാഫീസിലെത്തി തിരിച്ചറിഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ രണ്ട് പേരെ പിടികൂടാനുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഗൂഢാലോചന നടത്തിയവരെ കണ്ടെത്താനാണ് അറസ്റ്റ് വൈകിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

വടകര ആർ.എസ്.എസ് കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് സി.പി.എം ജില്ലാ കമ്മിറ്റി ഒാഫീസിന് നേരെ ബോംബെറിഞ്ഞതെന്നാണ് പ്രതികളുടെ മൊഴി. 2017 ജൂൺ 9ന് പുലർച്ചെ നാലിനാണ് മലബാർ ക്രിസ്‌ത്യൻ കോളേജിന് സമീപത്തെ ജില്ലാ കമ്മിറ്റി ഒാഫീസിനു നേരെ ബോംബേറുണ്ടായത്.