car

ന്യൂഡൽഹി: മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്‌ബാക്കായ സ്വിഫ്‌റ്റിന്റെ വില്‌പന 20 ലക്ഷം യൂണിറ്റുകൾ കടന്നു. വിപണിയിലെത്തി 13-ാം വർഷമാണ് സ്വിഫ്‌റ്റിന്റെ ഈ നേട്ടം. 2005 മേയിലായിരുന്നു സ്വിഫ്‌റ്റിന്റെ വിപണി പ്രവേശം. വിപണിയിൽ എത്തിയതു മുതൽ ഇന്ത്യയിൽ ഏറ്രവുമധികം വിറ്റഴിയുന്ന അഞ്ച് കാറുകളുടെ പട്ടികയിൽ ഒരു ദശാബ്‌ദക്കാലം സ്വിഫ്‌റ്ര് ഉണ്ടായിരുന്നു. 2010 സെപ്‌‌തംബറിൽ അഞ്ച് ലക്ഷം യൂണിറ്റുകളുടെയും 2013 സെപ്‌തംബറിൽ പത്ത് ലക്ഷം യൂണിറ്റുകളുടെയും വില്‌പനനേട്ടം സ്വന്തമാക്കിയ സ്വിഫ്‌റ്ര്, 2016 മാർച്ചിലാണ് 15 ലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടത്.

ഡിമാൻഡ് ഏറിയ പശ്‌ചാത്തലത്തിൽ നടപ്പുവർഷം ഏപ്രിൽ-ഒക്‌ടോബറിൽ സ്വിഫ്‌റ്റിന്റെ ഉത്‌പാദനം മാരുതി സുസുക്കി 2017-18ലെ സമാന കാലയളവിനേക്കാൾ 45 ശതമാനം ഉയർത്തിയിരുന്നു. 1.39 ലക്ഷം യൂണിറ്രുകളാണ് ഈവർഷം ഒക്‌ടോബർ വരെയുള്ള ഉത്‌പാദനം. ഏപ്രിൽ-ഒക്‌ടോബറിൽ 36 ശതമാനം വില്‌പന വളർച്ചയും സ്വിഫ്‌റ്റ് കുറിച്ചിരുന്നു. 29 ശതമാനമാണ് മാർക്കറ്ര് വിഹിതം. സ്വിഫ്‌റ്രിന്റെ ഓട്ടോ ഗിയർ ഷിഫ്‌റ്ര് വേരിയന്റാണ് വില്‌പനയിൽ 20 ശതമാനം പങ്കുവഹിക്കുന്നത്.