kaumudy-news-headlines

1. ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ അറസ്റ്റില്‍. സമൂഹ മാദ്ധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയ പോസ്റ്റിട്ടതിന് എതിരെ ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണന്റെ പരാതിയിലാണ് പൊലീസ് അറസ്റ്റ്. കൊച്ചിയില്‍ എത്തിയാണ് പത്തനംതിട്ട ടൗണ്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം രഹ്നയെ അറസ്റ്റ് ചെയ്തത്. പൊലീസ് നടപടി, ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന്. രഹ്നയെ പത്തനംതിട്ടയിലേക്ക് കൊണ്ടു വന്ന ശേഷം വിശദമായ ചോദ്യം ചെയ്യല്‍ നടത്തും

2. തുലാമാസ പൂജയ്ക്ക് ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയില്‍ നിന്നുള്ള മാദ്ധ്യമ പ്രവര്‍ത്തകയ്‌ക്കൊപ്പം രഹ്ന ശബരിമലയില്‍ എത്തിയിരുന്നു. പൊലീസ് സംരക്ഷണയില്‍ എത്തിയ ഇവര്‍ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊലീസ് ശക്തമായ സംരക്ഷണം ഒരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പന്തലില്‍ നിന്ന് മടങ്ങുക ആയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് രഹ്നയെ ബി.എസ്.എന്‍.എല്‍ സസ്‌പെന്‍ഡ് ചെയ്തു.

3. ശബരിമലയിലെ പ്രതിഷേധങ്ങളും പൊലീസ് ഇടപെടലും നിരീക്ഷിക്കാന്‍ ഹൈക്കോടതി. സന്നിധാനത്ത് പ്രതിഷേധങ്ങള്‍ പാടില്ലെന്ന് പറഞ്ഞ ഹൈക്കോടതി നിരീക്ഷകരായി നിയോഗിച്ചത് ജസ്റ്റിസുമാരായ പി.ആര്‍. രാമന്‍, സിരിജഗന്‍, എ.ഡി.ജി.പി ഹേമചന്ദ്രന്‍ എന്നിവരെ. പൊലീസിന് മാന്യമായി പരിശോധന നടത്താം എന്നും ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കും എന്നും ഹൈക്കോടതി വ്യക്തമാക്കി. പൊലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

4. ശബരിമലയില്‍ ഹൈക്കോടതി ജഡ്ജിയെ പൊലീസ് അപമാനിച്ചെന്ന് കോടതി. ചില ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പൊലീസിന് ചീത്തപ്പേര് ഉണ്ടാക്കുന്നു. ഉദ്യോഗസ്ഥന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. ജഡ്ജിയെ തടഞ്ഞതിന് സ്വമേധയാ കേസെടുക്കാന്‍ തുടങ്ങിയതാണെന്നും കോടതിയുടെ വിമര്‍ശനം. ശരണം വിളിച്ചത് കൊണ്ട് മാത്രം നിയമ വിരുദ്ധമായി കൂട്ടം കൂടി എന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷണം. ഹോട്ടലുകളും താമസ സൗകര്യങ്ങളും അടച്ചിടരുത്. 24 മണിക്കൂറും ഭക്ഷണവും വെള്ളവും ഉറപ്പാക്കണം. കെ.എസ്.ആര്‍.ടി.സി ഇടതടവില്ലാതെ സര്‍വീസ് നടത്തണം എന്നും കോടതി.

5. ജനതാദള്‍ എസിന്റെ പുതിയ ജലവിഭവ വകുപ്പ് മന്ത്രിയായി കെ. കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത കൃഷ്ണന്‍കുട്ടി സെക്രട്ടേറിയറ്റില്‍ എത്തി ചുമതലയേറ്റു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. അതേസമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. ജനതാദള്‍ എസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം മാത്യു ടി തോമസ് രാജിവെച്ച ഒഴിവിലാണ് ചിറ്റൂരില്‍ നിന്നുള്ള എം.എല്‍.എ ആയ കൃഷ്ണന്‍കുട്ടി മന്ത്രിയായത്.

6. ശബരിമല വിഷയം ആയുധമാക്കി സര്‍ക്കാരിന് എതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ യു.ഡി.എഫ് തീരുമാനം. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കും വരെ നിയമസഭയ്ക്ക് അകത്തും പുറത്തും സമരം ശക്തമാക്കാനും സഭ സ്തംഭിപ്പിക്കാനും യു.ഡി.എഫ് പാര്‍ലമെന്ററി യോഗത്തില്‍ തീരുമാനം. ശബരിമലയില്‍ ഇപ്പോള്‍ നിരോധനാജ്ഞ തുടരേണ്ട സാഹചര്യം ഇല്ലാതിരുന്നിട്ടും അത് നീട്ടുന്നത് ബി.ജെ.പിയെ വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമെന്നും യോഗത്തില്‍ പൊതുവികാരം. കെ.ടി ജലീലിന് എതിരെ ഉയര്‍ന്ന ബന്ധു നിയമന വിവാദത്തിന് പുറമെ, പി.കെ. ശശിക്ക് എതിരെ പാര്‍ട്ടി നടപടി എടുത്തു എങ്കിലും ആ വിഷയവും പ്രതിപക്ഷം ആയുധമാക്കും.

7. ബി.ജെ.പിയുമായി സഹകരിക്കാന്‍ ഒരുങ്ങി പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജ്. നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിന് ഒപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കുമെന്ന് ജോര്‍ഡ്. ധാരണ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുമായി നടത്തിയ ചര്‍ച്ചയില്‍ എന്ന് സൂചന. ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ശക്തമായ നിലപാട് സ്വീകരിച്ചത് ബി.ജെ.പി ആണ് എന്ന് പി.സി ജോര്‍ജ്. കോണ്‍ഗ്രസിന് വിഷയത്തില്‍ സത്യസന്ധത ഉണ്ടായിരുന്നില്ല എന്നും പി.സി.

8. പിണറായിയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികളെ അടിച്ച് അമര്‍ത്തുന്നു. വസ്ത്രം ഉടുക്കാതെ റോഡിലൂടെ നടക്കുന്ന സ്ത്രീക്ക് അയ്യപ്പനെ കാണാന്‍ പൊലീസ് സംരക്ഷണം കൊടുക്കുന്നു എന്നും ആരോപണം. ഈ വൃത്തികേട് കാണിക്കുന്ന ഇടതുപക്ഷവുമായി യാതൊരു ബന്ധവും ഇല്ലെന്നും പി.സി ജോര്‍ജ്. നേരത്തെ ശബരിമല വിഷയത്തില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് പി.സി ജോര്‍ജ് രംഗത്ത് വരികയും നാമജപ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബി.ജെ.പിയുമായി സഹകരിക്കാന്‍ ജോര്‍ജിന്റെ ജനപക്ഷം തീരുമാനിച്ചിരുന്നു

9. ക്ഷേത്രങ്ങളില്‍ നട വരവ് കുറയ്ക്കുക എന്നത് സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യം എന്ന് ശോഭാ സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന്റെ ഒരു ക്ഷേത്രങ്ങളിലും കാണിക്ക ഇടരുത് എന്ന് ഭക്തര്‍ക്ക് നിര്‍ദ്ദേശം നല്‍കി എന്നും ശോഭ. കാണിക്ക ഇടുന്ന ഭക്തരോട് നീതി പൂര്‍വ്വമായ സമീപനം സര്‍ക്കാരിന് ഇല്ലാത്തത് കൊണ്ടാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത് എന്നും പ്രതികരണം. പൊലീസിനെ നേരിടാന്‍ പരിശീലനം ലഭിച്ചവരെ ആര്‍.എസ്.എസ് അംഗങ്ങളെ രംഗത്ത് ഇറക്കും എന്നും പ്രഖ്യാപനം