കോഴിക്കോട് : കെ.എം. ഷാജിയെ നിയമസഭാസമ്മേളനത്തിൽ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ പി. ശ്രീരാമകൃഷ്ണനും നിയമസഭാ സെക്രട്ടറിക്കും ഷാജിയുടെ അഭിഭാഷകൻ കത്തുനൽകി. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കെ.എം.ഷാജി നാളെ സഭയിലെത്തുമെന്നും കത്തിൽ പറയുന്നു.
നാളെ മുതൽ ഹാജർ കണക്കാക്കണം. ഇല്ലെങ്കിൽ സുപ്രികോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അഭിഭാഷകൻ ഹാരിസ് ബീരാൻ കത്തിൽ അറിയിച്ചു. കോടതിയുടെ ഇന്നത്തെ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുസഹിതമാണ് കത്ത് നൽകിയത്.
വർഗീയത ഉണർത്തുന്ന ലഘുലേഖ വിതരണം ചെയ്‌ത് പ്രചാരണം നടത്തിയെന്ന് ആരോപിച്ച് കെ.എം.ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. നിയമസഭാ നടപടികളിൽ പങ്കെടുക്കാമെങ്കിലും ഉപാധികളോടെയാണ് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചത്. കേസിൽ ജനുവരിയിൽ അന്തിമവാദം കേൾക്കും. അതുവരെ എം.എൽ.എൽ എന്ന നിലയിൽ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഷാജിക്ക് ഉണ്ടാകില്ല. കേസിലെ എതിർകക്ഷിയായ എം.വി.നികേഷ് കുമാറിന് നോട്ടീസ് അയയ്‌ക്കാനും കോടതി ഉത്തരവിട്ടു.