gui

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന വളർച്ച (ജി.ഡി.പി) 7.5-7.6 ശതമാനത്തിലേക്ക് കൂപ്പുകുത്തിയേക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ റിപ്പോർട്ട്. ഏപ്രിൽ-ജൂൺ പാദത്തിൽ ജി.ഡി.പി 8.2 ശതമാനം വളർന്നിരുന്നു. ഗ്രാമീണതല ഉപഭോഗം കുറഞ്ഞതാണ് സെപ്‌തംബർ പാദത്തിൽ പ്രധാനമായും തിരിച്ചടിയാകുകയെന്ന് എസ്.ബി.ഐ വ്യക്തമാക്കി.

ജൂലായ് - സെപ്‌തംബറിൽ ഗ്രോസ് വാല്യൂ അഡഡ് (ജി.വി.എ) വളർച്ച 7.3-7.4 ശതമാനത്തിലേക്കും താഴ്‌ന്നേക്കും. കേന്ദ്രസർക്കാരിന്റെ നികുതി വരുമാനം ഉൾപ്പെടുത്തിയും സബ്‌സിഡി ബാദ്ധ്യത ഒഴിവാക്കിയുമുള്ള ജി.ഡി.പി വളർച്ചയാണ് ജി.വി.എ. ഭക്ഷ്യേതര വിഭാഗ വായ്‌പകൾ, ബാങ്ക് നിക്ഷേപങ്ങൾ, പാസഞ്ചർ-വാണിജ്യ വാഹന വില്‌പന എന്നിവയിലെ ഇടിവ് സെപ്‌തംബർ പാദത്തിൽ സാമ്പത്തിക വളർച്ച താഴുമെന്ന സൂചനയാണ് നൽകുന്നത്. സർക്കാർ സ്വീകരിച്ച ചെലവ് ചുരുക്കൽ നടപടികളും രണ്ടാംപാദത്തിൽ തിരിച്ചടിയാകും.

സിമന്റ് വില്‌പന, വിമാനയാത്ര ടിക്കറ്ര് വില്‌പന എന്നിവ പത്തു ശതമാനത്തിലേറെ വളർച്ച നേടിയെങ്കിലും ജൂലായ്-സെപ്‌തംബറിലെ മൊത്തത്തിലുള്ള വളർച്ചാ ഇടിവിന് തടയിടാൻ അവയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, 2017-18ൽ 5.7 ശതമാനം വളർന്ന മാനുഫാക്‌ചറിംഗ് മേഖല നടപ്പുവർഷം നില കൂടുതൽ മെച്ചപ്പെടുത്തുമെന്ന് റിപ്പോർട്ട് സൂചിപ്പിച്ചു. ഡോളറിനെതിരായ തളർച്ചയിൽ നിന്നുള്ള രൂപയുടെ കരകയറ്രവും ക്രൂഡോയിൽ വിലത്തകർച്ചയുമാണ് ഈ മേഖലയ്ക്ക് നേട്ടമാകുക.