സംബൽപുർ (ഒഡിഷ): അണ്ടർ-19 കൂച്ച്‌ ബിഹാർ ട്രോഫി ചതുർദിന ക്രിക്കറ്റ് ടൂർമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് റെക്കാഡ് സ്കോർ. ക്യാപ്ടൻ വത്സൽ ഗോവിന്ദിന്റെ (302) ട്രിപ്പിൾ സെഞ്ച്വറിയുടെയും അശ്വിൻ ആനന്ദിന്റെ (203) ഡബിൾ സെഞ്ച്വറിയുടെയും മികവിൽ കേരളം രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് 651/5 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. കേരളത്തിന്റെ ഏറ്രവും ഉയർന്ന ടീം ടോട്ടലാണിത്. 2007/08 സീസണിൽ സർവീസസിനെതിരെ നേടിയ 6/566 റൺസിന്റെ റെക്കാഡാണ് ഇവിടെ പഴങ്കഥയായത്. വത്സലും അശ്വിനും കൂടി നാലാം വിക്കറ്റിൽ 347 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഒരു റൺസെടുക്കുന്നതിനിടെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണർ ആദിദേവിനെ (0) വിക്കറ്റിന് മുന്നിൽ കുടുക്കി ശേഖർ മാജിയാണ് കേരളത്തിനെ തുടക്കത്തിൽ പ്രതിസന്ധിയിൽ ആക്കിയത്. തുടർന്ന് ജെ.അനന്ത കൃഷ്ണൻ (3), സി.എ. അമൽ (36) എന്നിവരും മടങ്ങിയതോടെ 74/3 എന്ന നിലയിലായി കേരളം. തുടർന്നാണ് വത്സലും അശ്വിനും ക്രീസിൽ ഒന്നിക്കുന്നത്. 87 ഓവറോളം ബാറ്ര് ചെയ്ത ഇവർ ഏത് വിക്കറ്റിലെയും കേരളത്തിന്റെ ഏറ്രവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. വത്സൽ 459 പന്തിൽ 32 ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെയാണ് 302 റൺസടിച്ചത്.അശ്വിൻ ആനന്ദ് 25 ഫോറും അഞ്ചു സിക്‌സുമടക്കം 269 പന്തിലാണ് 203 റൺസ് നേടിയത്. കേരള സ്കോർ 421ൽ വച്ച് അശ്വിനെ പുറത്താക്കി ബിസ്വജിത്ത് മല്ലിക്കാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ അക്ഷയ് മനോഹർ (65) ക്യാപ്ടന് മികച്ച പിന്തുണ നൽകി. അക്ഷയ് പുറത്തായ ശേഷമെത്തിയ നിഖിൽ (പുറത്താകാതെ 21) ക്യാപ്ടനൊപ്പം പിടിച്ചു നിന്നു. ട്രിപ്പിൾ സെഞ്ച്വറി പൂർത്തിയാക്കിയ ഉടനെ വത്സൽ കേരളത്തിന്റെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഒഡിഷ രണ്ടാം ദിനം കളി നിറുത്തുമ്പോൾ ഒരു വിക്കറ്റിന് 62 റൺസെന്ന നിലയിലാണ്.

നോട്ട് ദ പോയിന്റ്

എല്ലാ ഏജ് വിഭാഗത്തിലും കേരളത്തിന്റെ ഏറ്രവും ഉയർന്ന സ്കോറാണിത് (651/5 ഡിക്ലയേർഡ്).

ട്രിപ്പിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ കേരള താരമാണ് വത്സൽ. നേരത്തേ ശ്രീകുമാർ നായർ (പുറത്താകാതെ 306) സർവീസസിനെതിരെ 2007/08 രഞ്ജി സീസണിൽ ട്രിപ്പിൾ നേടിയിട്ടുണ്ട്.

എല്ലാ ഏജ് വിഭാഗത്തിലും കേരളത്തിന്റെ ഏറ്രവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടാണ് നാലാം വിക്കറ്രിൽ വത്സലും അശ്വിനും ചേർന്ന് പടുത്തുയർത്തിയത്.