pic

ന്യൂഡൽഹി: ക്രൂഡോയിൽ വില കുത്തനെ ഇടിയുന്നത്, ഇറക്കുമതിയെ വൻതോതിൽ ആശ്രയിക്കുന്ന ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങൾക്ക് വൻ നേട്ടമാകുമെന്ന് ബ്ളൂംബെർഗ് വ്യക്തമാക്കി. കഴിഞ്ഞമാസം വരെ ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിലേക്ക് തിരിച്ചെത്തുമെന്നാണ് നിരീക്ഷകർ വിലയിരുത്തിയിരുന്നത്. എന്നാൽ, ഉത്‌പാദനം വീണ്ടും കൂടിയതോടെ വില കുത്തനെ താഴുകയാണ്. കഴിഞ്ഞമാസം ബാരലിന് 84 ഡോളർ വരെയെത്തിയ ബ്രെന്റ് ക്രൂഡ് വില ഇപ്പോൾ 60 ഡോളറിലാണുള്ളത്.

ഉപഭോഗത്തിന്റെ 80 ശതമാനം ക്രൂഡോയിലും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയ്ക്ക് പുറമേ വൻതോതിൽ കറന്റ് അക്കൗണ്ട് കമ്മിയുള്ള ദക്ഷിണാഫ്രിക്ക, ചൈന എന്നിവയ്‌ക്കും ക്രൂഡോയിൽ വിലത്തകർച്ച ഗുണകരമാണ്. ബാരലിന് ഓരോ പത്തു ഡോളർ കുറയുമ്പോൾ ജി.ഡി.പിയിൽ 0.7 ശതമാനം വരെ നേട്ടം ഈ രാജ്യങ്ങൾക്കുണ്ടാകും. അതേസമയം, ഉത്‌പാദക രംഗത്തുള്ള ഗൾഫ് രാജ്യങ്ങൾ, റഷ്യ, നൈജീരിയ എന്നിവ രണ്ടു ശതമാനം വരെ ജി.ഡി.പി തകർച്ച നേരിടും.