ഭുവനേശ്വർ: കായിക പ്രേമികൾക്ക് ആഘോഷ വിരുന്നൊരുക്കി പതിന്നാലാമത് ഹോക്കി ലോകകപ്പിൽ മത്സരങ്ങൾ ഇന്ന് തുടങ്ങും. ഒറീസയിലെ കലിംഗ സ്റ്റേഡിയം വേദിയാകുന്ന ടൂർണമെന്റിൽ പാരമ്പര്യത്തിന്റെ കരുത്തിന്റെയും യുവത്വത്തിന്റെ ആവേശത്തിന്റെയും പിൻബലത്തിൽ ചാമ്പ്യൻമാരാകാമെന്ന ആത്മവിശ്വാസത്തിലാണ് ആതിഥേയരായ ഇന്ത്യ.
പകിട്ടാർന്ന ആഘോഷ പരിപാടികളോടെ ഇന്നലെ വൈകിട്ട് നടന്ന ഉദ്ഘാടനചടങ്ങിൽ ഷാരൂഖ് ഖാൻ, എ.ആർ.റഹ്മാൻ, മാധുരി ദിക്ഷിത് എന്നിവരുൾപ്പെടെ വൻ താരനിര അണിനിരന്നു.ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
ഇന്ന് രണ്ട്
മത്സരം
ഇന്ന് നടക്കുന്ന മത്സരത്തിൽ പൂൾ സിയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയേയും, ബൽജിയം കാനഡയേയും നേരിടും. രാത്രി ഏഴിനാണ് ഇന്ത്യയുടെ മത്സരം തുടങ്ങുന്നത്. ബൽജിയം -കാനഡ മത്സരം വൈകിട്ട് 5ന് തുടങ്ങും.
പ്രതീക്ഷയോടെ ഇന്ത്യ
ഇതുവരെ എല്ലാ ലോകകപ്പിലും കളിച്ച ഇന്ത്യയുടെ അക്കൗണ്ടിൽ ഒരേ ഒരു ലോകകിരീടമേ ഉള്ളൂ. 1975ൽ ഹോളണ്ടിൽ നടന്ന ടൂർണമെന്റിലാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. 1982ലും 2010ലും ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചെങ്കിലും ഫൈനലിൽ എത്താനായില്ല. ഈ വർഷം ഒമാനിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ വിജയികളായിരുന്നു. എന്നാൽ, ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മൂന്നാം സ്ഥാനക്കാരായി.
ടീമുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങൾ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്. പരിചയസമ്പന്നരും പുതുതലമുറയും ഒന്നിക്കുന്ന ഇന്ത്യൻ ടീമിനെ മൻപ്രീത് സിംഗാണ് നയിക്കുന്നത്.
മലയാളിയും മുൻ ക്യാപ്ടനുമായ ഗോൾ കീപ്പർ ശ്രീജേഷ് ഗോൾവല കാക്കും. ഹരേന്ദർ സിംഗാണ് പരിശീലകൻ.
16 ടീമുകൾ
കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ 16 ടീമുകൾ നാല് ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കും. 2002ന് ശേഷം ആദ്യമായാണ് ഒരു പുരുഷ ലോകകപ്പിൽ 16 ടീമുകൾ പങ്കെടുക്കുന്നത്. ഫൈനൽ ഡിസംബർ 16നാണ്.
അറിയാൻ
ഇതു മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പ് ഹോക്കി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇതിനു മുമ്പ് 1982ലും (മുംബയ്), 2010ലും (ന്യൂഡൽഹി) ആണ് ഇന്ത്യ വേദിയായത്.
1975ൽ ചാമ്പ്യൻമാരായ ശേഷം പിന്നീട് ഇന്ത്യയ്ക്ക് ഒരു തവണ പോലും സെമിയിൽ എത്താനായിട്ടില്ല.
ലോകകപ്പിനോടനുബന്ധിച്ച് ഭുവനേശ്വർ നഗരം മോഡിപിടിപ്പിക്കുന്നതിനും മറ്റുമായി 100 കോടിയോളം രൂപയാണ് ഒഡിഷ സർക്കാർ ചെലവഴിച്ചത്.