ami-sha

ന്യൂഡൽഹി: ശബരിമലയെ കുറിച്ച് പഠിക്കാൻ ബി.ജെ.പിയുടെ നാലംഗ പഠനസമിതി. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് പഠന സമിതിയെ നിയോഗിച്ചിരിക്കുന്നത്. എം.പിമാരായ സരോജ് പാണ്ഡെ, പ്രഹ്ലാദ് ജോഷി, നളിൻ കുമാർ കട്ടീൽ, വിനോദ് സോങ്കർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഇവർ 15 ദിവസത്തിനകം ശബരിമലയിൽ എത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് അമിത് ഷായുടെ നിർദ്ദേശം.

ശബരിമലയിൽ ഭക്തരുമായി സംവദിച്ച് അവരുടെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസിന്റെ നടപടികൾ, ശബരിമലയിലെ അസൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് സമിതിയോട് പ്രധാനമായും പഠിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള ഇതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ട് നൽകിയെങ്കിലും അമിത് ഷാ ഇപ്പോൾ നേരിട്ട് സമിതിയെ നിർദ്ദേശിക്കുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര നേതൃത്വത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും ശബരിമലയിലേക്കുള്ള ഇടപെടൽ എന്നാണ് വ്യക്തമാകുന്നത്.