jack-ma

ബെയ്ജിംഗ്: ചൈനയിലെ ഏറ്റവും വലിയ സമ്പന്നനും ഇ.കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ സഹസ്ഥാപകനുമായ ജാക്ക് മാ പാർട്ടി അംഗമാണെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സമ്മതിച്ചു. ചൈനയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ 40-ാം വാർഷികത്തിൽ ജാക്ക് മായെ പാർട്ടി ആദരിക്കുകയും ചെയ്യുമെന്ന് പാർട്ടി മുഖപത്രം പീപ്പിൾസ് ഡെയ്ലി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

ചൈനയിലെ സമ്പന്നരിൽ ഒന്നാം സ്ഥാനമാണ്​ ആലിബാബയുടെ സ്ഥാപകൻ ജാക്ക്​ മായ്​ക്ക്​ ഉള്ളത്​. ഏകദേശം 2.52 ലക്ഷം കോടിയാണ്​ മായുടെ ആകെ ആസ്​തി. ചൈന കീഴടക്കിയ ആലിബാബ 2014ൽ ന്യൂയോർക്ക് ഓഹരി വിപണിയിൽ ഓഹരികൾ ലിസ്റ്റ് ചെയ്തിരുന്നു. 400 ബില്യൺ ഡോളർ മൂല്യമുള്ള ആലിബാബ ലോകത്തെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളിൽ ഒന്നാണ്.

നിലവിലെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിനെ ശക്തമായി പിന്തുണയ്ക്കുന്ന ജാക്ക് മാ ഷീയുടെ പദ്ധതികളെ പരസ്യമായി പിന്തുണച്ചിരുന്നു. ജാക്ക്​ മായ്​ക്കൊപ്പം ചൈനീസ്​ സേർച്ച്​ എൻജിനായ ബെയ്​ദുവിന്റെ തലവൻ റോബിൻ ലി, ടെൻസന്റ് ഹോൾഡിംഗ്​ മേധാവി പൊനി മാ എന്നിവർക്കും പാർട്ടി അംഗത്വം നൽകിയിട്ടുണ്ട്​​.

1978ലാണ്​ ചൈന സാമ്പത്തിക പരിഷ്​കാരം നടപ്പിലാക്കുന്നത്​. ഡെങ്​ ഷി​യോ പിംഗിന്റെ നേതൃത്വത്തിൽ സ്വകാര്യമൂലധനം സമ്പദ്​വ്യവസ്ഥയിൽ അനുവദിച്ച്​ വിപ്ലവകരമായ മാറ്റത്തിനാണ്​ കമ്യൂണിസ്​റ്റ്​ പാർട്ടി അന്ന്​ തുടക്കമിട്ടത്​. പരിഷ്​കാരത്തി​​ന്റെ 40-ാം വർഷത്തിലെത്തു​മ്പോൾ വ്യവസായികൾക്ക്​ അംഗത്വം നൽകി കൂടുതൽ ഉദാര സമീപനം സ്വീകരിക്കുകയാണ്​ പാർട്ടി.