ലക്‌നൗ: പൊലീസ് വാഹനത്തിൽ നിന്ന് വലിച്ചിട്ട് ആൾക്കൂട്ടം യുവാവിനെ അടിച്ച് കൊന്നു. ഉത്തർപ്രദേശിലെ ഷാംലിയിൽ തിങ്കളാഴ്ചയാണ് പൊലീസിന്റെ കൺമുന്നിൽ കൊലപാതകം നടന്നത്. ആൾക്കൂട്ടം യുവാവിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കുന്നതും മർദ്ദിച്ച് കൊല്ലുന്നതും നോക്കി നിന്ന പൊലീസ് ഇയാളെ രക്ഷിക്കാനായി ഒന്നു ചെയ്തില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യാതൊരു നപടിയും സ്വീകരിച്ചില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസുകാർക്കെതിരെ നടപടിയെടുത്തു.
യുവാവിനെ ആക്രമിച്ച ആറ് പേരിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കി അഞ്ച് പേർക്കായി തെരച്ചിൽ തുടരുകയാണ്. രാജേന്ദ്ര എന്ന ആളെയാണ് സംഘം ആക്രമിച്ചത്. രാജേന്ദ്ര മദ്യപിച്ച് വഴക്കുണ്ടാക്കുന്നുവെന്ന് തിങ്കളാഴ്ച വൈകിട്ടാണ് ഹാത്ചോയ ഗ്രാമത്തിൽ നിന്ന് പൊലീസിന് സന്ദേശം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാൽ വാഹനത്തിൽ കയറ്റിയ ഇയാളെ ആൾക്കൂട്ടം വാഹനത്തിനുള്ളിലേക്ക് കൈ നീട്ടി മർദ്ദിക്കുകയും ഡോർ തുറന്ന് പുറത്തേക്ക് വലിച്ചിടുകയും ചെയ്തു. മർദ്ദനത്തെതുടർന്ന് അബോധാവസ്ഥയിലായ ഇയാൾ പിന്നീട് മരിച്ചു.
പൊലീസിന്റെ വീഴ്ച സമ്മതിച്ച എസ്.പി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ സസ്പെൻഷൻ നടപടി ആരംഭിച്ചതായി അറിയിച്ചു. ആദ്യം ഗ്രാമത്തിലെ ആൾക്കാർ തമ്മിലുള്ള ശത്രുതയെന്ന് പറഞ്ഞ് സംഭവത്തെ നിസാരവത്കരിക്കാൻ പൊലീസ് ശ്രമം നടത്തിയെങ്കിലും വീഡിയോ പ്രചരിച്ചതോടെ പിഴവ് സമ്മതിക്കേണ്ടി വരികയായിരുന്നു.