തിരുവനന്തപുരം: ശബരിമല വിഷയത്തിനെച്ചൊല്ലി നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിപക്ഷ ബഹളം. രാവിലെ ഒമ്പത് മണിക്ക് ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പ്രസംഗം നടത്തുന്നതിനിടെ ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചത്. ചോദ്യോത്തര വേളയിൽ സഹകരിക്കണമെന്നും ശബരിമല വിഷയം സഭ നിറുത്തി വച്ച് ചർച്ച ചെയ്യാൻ അവസരം നൽകാമെന്നും സ്പീക്കർ അറിയിച്ചെങ്കിലും അംഗങ്ങൾ പിന്മാറാൻ തയ്യാറായില്ല. മുദ്രാവാക്യങ്ങളുമായി മുഖ്യമന്ത്രിയുടെ പ്രസംഗം തടയാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സംസാരം തുടർന്നു.
അതിനിടെ ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് പി.സി.ജോർജും ഒ.രാജഗോപാലും അയ്യപ്പ വേഷത്തിലാണ് സഭയിലെത്തിയത്. ശബരിമല വിഷയത്തിൽ യോജിച്ച പ്രതിഷേധം നടത്തുമെന്ന് ഇരുവരും അറിയിച്ചിരുന്നുവെങ്കിലും യു.ഡി.എഫ് പ്രതിഷേധത്തിൽ ഇവർ പങ്കെടുക്കാത്തത് ശ്രദ്ധേയമായി.
അതേസമയം, ശബരിമല വിവാദത്തിൽ ബി.ജെ.പിയെ വളർത്താനാണ് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുന്നതെന്നും ഇത് നിയമസഭയിൽ തുറന്നുകാട്ടണമെന്നും കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ പൊതുവികാരം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സഭ സമ്മേളിക്കുമ്പോൾ ഏതറ്റം വരെയും പോകാനും യു.ഡി.എഫ് തീരുമാനിച്ചിരുന്നു. വിധി നടപ്പാക്കുന്നതിൽ വി.ഡി. സതീശനും വി.ടി. ബൽറാമും അടക്കമുള്ളവർക്ക് വിയോജിപ്പുണ്ടെങ്കിലും, ബി.ജെ.പിയെ വളർത്താനുള്ള നീക്കം തുറന്നുകാട്ടണമെന്ന നിലപാടിനോട് ഇവരും യോജിച്ചെന്നാണറിവ്. ശബരിമലയിൽ നിരോധനാജ്ഞ തുടരേണ്ട സാഹചര്യമില്ലാതിരുന്നിട്ടും അത് നീട്ടുന്നത് ബി.ജെ.പിയെ വളർത്താനുള്ള ബോധപൂർവമായ നീക്കത്തിന്റെ ഭാഗമായാണെന്നും യോഗത്തിൽ വികാരമുയർന്നു.