തിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പഭക്തർക്ക് പിന്തുണ പ്രഖ്യാപിച്ച് പി.സി ജോർജ് എം.എൽ.എയും ഒ.രാജഗോപാൽ എം.എൽ.എയും നിയമസഭയിൽ എത്തിയത് കറുപ്പണിഞ്ഞ്. ശബരിമല യുവതി പ്രവേശം സംബന്ധിച്ച് വിധി വന്നത് മുതൽ പ്രതിഷേധത്തിന്റെ മുൻനിരയിൽ നിന്ന വ്യക്തിയാണ് പി.സി ജോർജ്. കറുത്ത വേഷം ഇന്നത്തേക്കുമാത്രമാണ്. ബാക്കിയുള്ള ദിവസങ്ങളിൽ എന്തുവേണമെന്ന് പാർട്ടിയോഗം ചേർന്ന് തീരുമാനിക്കുമെന്ന് പി.സി ജോർജ് വ്യക്തമാക്കി.
അതേസമയം, ശബരിമല വിഷയത്തിനെച്ചൊല്ലി നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിപക്ഷ ബഹളം. രാവിലെ ഒമ്പത് മണിക്ക് ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പ്രസംഗം നടത്തുന്നതിനിടെ ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചത്. ചോദ്യോത്തര വേളയിൽ സഹകരിക്കണമെന്നും ശബരിമല വിഷയം സഭ നിറുത്തി വച്ച് ചർച്ച ചെയ്യാൻ അവസരം നൽകാമെന്നും സ്പീക്കർ അറിയിച്ചെങ്കിലും അംഗങ്ങൾ പിന്മാറാൻ തയ്യാറായില്ല. മുദ്രാവാക്യങ്ങളുമായി മുഖ്യമന്ത്രിയുടെ പ്രസംഗം തടയാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സംസാരം തുടർന്നു.