വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനത്തിന് മറുപടിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ബ്രക്‌സിറ്റ് കരാർ ആഗ്ലോ അമേരിക്കൻ വ്യാപാര ബന്ധത്തെ തകർക്കുകയല്ല, കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് തെരേസ മേ പറഞ്ഞു. തെരേസ മേ ഒപ്പിട്ട ബ്രക്‌സിറ്റ് കരാറിന്റെ കരടിനെതിരെ വ്യാപകമായ വിമർശനങ്ങളുയർന്നിരുന്നു. കരാറിനെ രൂക്ഷമായി വിമർശിച്ച് ഡോണാൾഡ് ട്രംപും രംഗത്തെത്തിയിരുന്നു. ബ്രക്‌സിറ്റ് ചർച്ചകളും നടപടിക്രമങ്ങളും അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് ട്രംപിന്റെ വിമർശനം.
ട്രംപിന്റെ വിമർശനത്തിന് ശക്തമായ മറുപടിയാണ് തെരേസ മേ നൽകിയത്. വാഷിംഗ്ടണും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം പുതിയ കരാർ മൂലം വലിയ ബുദ്ധിമുട്ടിലാക്കുമെന്നും, തെരേസ മേയുടെ കരാറിനെതിരെ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു. ആംഗ്ലോ അമേരിക്കൻ വ്യാപാരത്തെ ബ്രക്‌സിറ്റ് കരാർ ദോഷകരമായി ബാധിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതിനെതിരെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി രംഗത്തെത്തിയത്. പുതിയ വ്യാപാര കരാർ സാദ്ധ്യമാകുമെന്നും അത് അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുമെന്നും തെരേസ മേ വ്യക്തമാക്കി.