police-recruitment-

കോട്ടയം: പൊലീസിൽ ട്രാഫിക് ട്രെയിനിംഗ് ഫോഴ്‌‌സിലേക്ക് എന്ന പേരിൽ കോട്ടയം കടുവാക്കുളത്തെ ഒരു സ്‌കൂൾ മൈതാനത്ത് വ്യാജ റിക്രൂട്ട്മെന്റിന് നേതൃത്വം നൽകിയ കേസിലെ വ്യാജ 'എസ്.ഐ'യെ പൊലീസ് തന്ത്രപൂർവം പിടിച്ചു. ആലപ്പുഴ, കലവൂർ, കുളമാക്കിൽ കോളനി വീട്ടിൽ എസ്. മനുവിനെ (24) ആണ് പൊലീസ് തന്ത്രപൂർവം കുടുക്കിയത്. വീട്ടുകാരെ കൊണ്ട് വിളിപ്പിച്ച് നാട്ടിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഘത്തിലെ നാല് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേൽ പി.പി ഷൈമോൻ (40), മൂലേടം കുന്നമ്പള്ളി വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡ് (30) കെ.കെ രവി എന്നിവരാണ് അറസ്റ്റിലായത്.

റിക്രൂട്ട്മെന്റിനിടെ എസ്.ഐയുടെ വേഷമായിരുന്നു മനു ധരിച്ചത്. പൊലീസ് കേസെടുത്തതോടെ മനു നാഗർകോവിൽ, കോയമ്പത്തൂർ, പഴനി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിച്ചുകഴിയുകയായിരുന്നു. ഇന്നലെ ആലപ്പുഴയിലെത്തിയ മനു മണ്ണഞ്ചേരി ഭാഗത്ത് നിന്നു പിടികൂടുകയായിരുന്നു.


അതേസമയം,വ്യാജ പൊലീസ് റിക്രൂട്ട്‌മെന്റ് സംഘം ഒരു മാസത്തോളം കോട്ടയത്ത് വിലസിയിട്ടും അവരുടെ നീക്കങ്ങൾ കണ്ടെത്താൻ കഴിയാത്തത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയായും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മുമ്പ് തൃശൂരിലും സംഘം റിക്രൂട്ട്മെന്റ് റാലി നടത്തിയിരുന്നു. ആലപ്പുഴ മാരാരിക്കുളത്ത് റിക്രൂട്ട്മെന്റ് നടത്താൻ ആസൂത്രണം ചെയ്യവേയാണ് സംഘം കോട്ടയത്ത് പിടിയിലായത്.