തിരുവനന്തപുരം : ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ നിലയ്ക്കലിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലടച്ച ബി.ജെ.പി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ പൂട്ടാനുറച്ച് പൊലീസ്. കഴിഞ്ഞ ദിവസം പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയ സുരേന്ദ്രന് ലഭിച്ചത് പഴയ ആറ് കേസുകളുടെ പ്രൊഡക്ഷൻ വാറണ്ടുകളാണ്. തിരുവനന്തപുരം,പത്തനംതിട്ട,എറണാകുളം,കോഴിക്കോട് എന്നീ ജില്ലകളിലെ സ്‌റ്റേഷനുകളിൽ മുൻപ് രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടിയെടുക്കാൻ ഇപ്പോൾ വാറണ്ടുകൾ അയച്ചിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് കൊട്ടാരക്കര സബ് ജയിലിൽ നിന്നും സുരേന്ദ്രനെ കണ്ണൂർ കോടതിയിലെത്തിച്ചിരുന്നത്. ഇവിടെ നിന്നും തിരികെ കൊട്ടാരക്കര കോടതിയിലും അവിടെ നിന്നും തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലും എത്തിക്കുകയായിരുന്നു. കൊട്ടാരക്കരയിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് സുരേന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒന്നിന് പിറകെ ഒന്നായി പഴയ കേസുകൾ പൊലീസ് പൊടി തട്ടി എടുക്കുമ്പോൾ വിവിധ ജില്ലകളിലെ കോടതികളിലേക്ക് സുരേന്ദ്രനെയും കൊണ്ടുള്ള യാത്രകൾ തുടരാനാണ് സാദ്ധ്യത.
അതേസമയം സുരേന്ദ്രന്റെ ആരോഗ്യം പരിഗണിക്കാതെയുള്ള പൊലീസ് നടപടി മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ബി.ജെ.പി ആരോപിച്ചു.