hiba-nisar

ശ്രീനഗർ: ജമ്മു കാശ്‌മീരിൽ സുരക്ഷാ സേനയിൽ നിന്നും വെടിയേറ്റ ഒന്നര വയസുകാരി ഹീബ നിസാറിന് അടിയന്തര ശസ്ത്രക്രിയ നടത്തി. ഹീബയുടെ വലത് കണ്ണിനായിരുന്നു വെടിയേറ്റത്. കാഴ്‌ച പൂർണമായി വീണ്ടെടുക്കാൻ കഴിയുമെന്ന ഉറപ്പില്ലെന്ന് ഡോക്‌ടർമാർ പറ‌ഞ്ഞു. ഷോപിയാനിൽ വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹീബയ്‌ക്ക് വെടിയേറ്റത്. സെെനികരുമായുള്ള ഏറ്റുമുട്ടലിൽ ആറ് ഭീകരർ വധിക്കപ്പെട്ടു. നാട്ടുകാരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. തുടർന്ന് കണ്ണീർവാതം പ്രയോഗിച്ചു.

കണ്ണീർ വാതകത്തിന്റെ പുക ഹീബയുടെ വീട്ടിലേക്ക് വ്യാപിക്കുകയായിരുന്നു. പെട്ടെന്ന് ഹീബ ചുമച്ചു. മുറിക്കുള്ളിലേക്ക് കാറ്റ് കടക്കുന്നതിന് ജനൽ തുറന്നപ്പോഴേക്കും വലിയ പൊട്ടിത്തെറിയാണ് കേട്ടത്. അപ്പൊഴാണ് കു‌ഞ്ഞിന്റെ കണ്ണിൽ വെടിയേറ്റതെന്ന് ഹീബയുടെ അമ്മ മർസല ജാൻ പറഞ്ഞു. ഹീബയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. കാശ്‌മീരിൽ പ്രക്ഷോഭകരെ നേരിടാൻ പൊലീസ് പെല്ലറ്റ് തോക്കുകൾ പ്രയോഗിക്കുമ്പോൾ ഒട്ടേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭാഗികമായോ പൂർണമായോ കാഴ്‌ച നഷ്‌ടമായവർ ഇവിടെ ഏറെയാണ്. സംഭവത്തെക്കുറിച്ച് സ്വതന്ത്രമായി അന്വേഷണം നടത്തുകയും വെടിവയ്പ്പുകാർക്കെതിരെ പൊലീസ് നടപടിയെടുക്കുകയും ചെയ്‌തു.