sabarimala-temple

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ ചില സംഘടനകൾ ഉയർത്തുന്ന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ നീട്ടിവച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതി ശബരിമല വിഷയത്തിൽ നടത്തിയ വിധി സംസ്ഥാന സർക്കാരിന് അനുകൂലമാണെന്നാണ് വിലയിരുത്തൽ. ഹൈക്കോടതി വിധി പരിശോധിച്ച ശേഷം സുപ്രീം കോടതിയിലേക്ക് നീങ്ങിയാൽ മതിയെന്നാണ് സംസ്ഥാന സർക്കാരിന് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിൽ തിടുക്കത്തിൽ സുപ്രീം കോടതിയിലേക്ക് നീങ്ങേണ്ടതില്ലെന്നാണ് സർക്കാർ തലത്തിലെ ധാരണ.

ശബരിമലയിലെ നിലവിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ സമീപിക്കുമെന്നായിരുന്നു വിവരം. ഇതനുസരിച്ച് അഭിഭാഷകരുമായി കൂടിയാലോചനകളും നടന്നിരുന്നു. ഇന്ന് ഇത് സംബന്ധിച്ച ഹർജി ഫയൽ ചെയ്യാനിരിക്കെയാണ് സംസ്ഥാന സർക്കാർ അപ്രതീക്ഷിതമായി പിന്മാറിയത്.നേരത്തെ ശബരിമല വിധിയിൽ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.