തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഉത്തരവിട്ടത്. തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കോടിക്കണക്കിന് രൂപയുടെ നഷ്ടം ജേക്കബ് തോമസിന്റെ കാലയളവിൽ ഉണ്ടായെന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ജേക്കബ് തോമസിന്റെ സസ്പെൻഷൻ അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് പുതിയ കേസ്.
ധനവകുപ്പ് പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം. വിജയാനന്ദ് ശുപാർശചെയ്തിരുന്നു. ഇതിൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരോട് സർക്കാർ നിയമോപദേശവും തേടിയിരുന്നു.